
കല്ലമ്പലം: ലക്ഷങ്ങൾ ചെലവാക്കി ആധുനിക രീതിയിൽ നാവായിക്കുളം പഞ്ചായത്തിലെ തോളൂർ ജംഗ്ഷനിൽ നിർമ്മിച്ച വോളിബാൾ സ്റ്റേഡിയം കാടുകയറി നശിക്കുന്നു. ഒരു നൂറ്റാണ്ടോളം കാലം ചന്തയായി പ്രവൃത്തിച്ച ഒരേക്കറോളം സ്ഥലത്താണ് 13 വർഷം മുൻപ് സ്റ്റേഡിയം നിർമ്മിച്ചത്. ആദ്യകാലങ്ങളിൽ നന്നായി പ്രവർത്തിച്ചിരുന്ന സ്റ്റേഡിയം അവഗണിക്കപ്പെട്ടത് ഒരു വർഷം മുൻപാണ്. ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ട്. കായികതാരങ്ങളും വിദ്യാർത്ഥികളും മറ്റും പരിശീലനങ്ങൾക്കായി മികച്ച കളിക്കളങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടി നിർമ്മിച്ച വോളിബാൾ ഗ്രൗണ്ട് കാടുകയറിയും തുരുമ്പെടുത്തും നശിച്ചിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കാടുമൂടിയതുമൂലം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. എത്രയുംവേഗം ഇവിടം വൃത്തിയാക്കി പ്രവർത്തനയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചന്തയുമില്ല,
കളിക്കളവുമില്ല
നാവായിക്കുളം പഞ്ചായത്തിലെ നൂറുകണക്കിന് ആളുകൾ കാർഷിക ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനും ആശ്രയിച്ചിരുന്ന ചന്ത അധികൃതരുടെ അനാസ്ഥമൂലം നാശോന്മുഖമായതോടെയാണ് പ്രസ്തുത സ്ഥലത്ത് സ്റ്റേഡിയം നിർമ്മിച്ചത്. അതും സൂക്ഷിക്കാനും പരിപാലിക്കാനും ആരും ഇല്ലാതായതോടെ നശിച്ചു. നിലവിൽ ജനങ്ങൾക്ക് ചന്തയും കളിക്കളവും ഇല്ലാത്ത അവസ്ഥയായി.
തിരിഞ്ഞു
നോക്കാനാളില്ല
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ വോളിബാൾ കോർട്ട് നിർമ്മിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് ചുറ്റുമതിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടത്തി. തുടർന്ന് സ്പോർട്സ് -കായിക താരങ്ങൾ പരിശീലനങ്ങളും മത്സരങ്ങളും മറ്റും ഇവിടെ നടത്തിയിരുന്നു. കുറച്ചുനാൾ മുൻപ് വരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കളിസ്ഥലം ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെയാണ് നശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |