SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

ആറാടുകയാണ് നെയ്യാറ്റിൻകര ജില്ലാ സ്‌കൂൾ കായികമേളയിൽ നെയ്യാറ്റിൻകര ഉപജില്ല ചാമ്പ്യന്മാർ

 ഒന്നാം സ്ഥാനം നെയ്യാറ്റിൻകര ഉപജില്ല - 127 പോയിന്റ്

 രണ്ടാം സ്ഥാനം തിരുവനന്തപുരം നോർത്ത് ഉപജില്ല- 90

 മൂന്നാം സ്ഥാനം കിളിമാനൂർ ഉപജില്ല- 44 പോയിന്റ്

തിരുവനന്തപുരം: ജില്ലാ സ്‌കൂൾ കായികമേളയിൽ നെയ്യാറ്റിൻകര ഉപജില്ലയ്ക്ക് ചാമ്പ്യൻഷിപ്പ്. ഒൻപത് സ്വർണവും 15 വെള്ളിയും 10 വെങ്കലവുമുൾപ്പെടെ 127 പോയിന്റാണ് നെയ്യാറ്റിൻകര ഉപജില്ലയിലെ സ്‌കൂളുകൾ നേടിയത്. എട്ട് സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമായി 90 പോയിന്റ് നേടിയ തിരുവനന്തപുരം നോർത്ത് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.റിലേ മത്സരങ്ങളുടെ കരുത്തിലാണ് നോർത്ത് രണ്ടാം സ്ഥാനത്തെത്തിയത്. രണ്ട് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ 44 പോയിന്റ് നേടിയ കിളിമാനൂർ ഉപജില്ല മൂന്നാമതെത്തി. 42 പോയിന്റുമായി വർക്കല നാലാമതും 40 പോയിന്റുമായി തിരുവനന്തപുരം സൗത്ത് അഞ്ചാമതുമായി.
ഇന്നലെ നടന്ന 38 ഫൈനലുകളിൽ 20ലും സ്‌പോർട്സ് സ്‌കൂളുകൾ ഒന്നാമതെത്തി. ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റൽ രണ്ട് സ്വർണവും വെള്ളായണി അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളും സായിയും ഓരോ സ്വർണമെഡലും കരസ്ഥമാക്കി.

അവസാനദിനം അയ്യങ്കാളി സ്‌പോർട്സ് സ്‌കൂൾ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയപ്പോൾ ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റൽ രണ്ട് വെള്ളിയും നാല് വെങ്കലവും കരസ്ഥമാക്കി.

4x400 മീറ്റർ റിലേയിലെ നാല് മത്സരങ്ങൾ ഒഴിച്ചുള്ള മറ്റ് 14 ഇനങ്ങളിൽ മാത്രമാണ് സാധാരണ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് സ്വർണം നേടാൻ കഴിഞ്ഞത്. റിലേയിൽ നാലിൽ മൂന്ന് സ്വർണ്ണം നേടി നെയ്യാറ്റിൻകര ഉപജില്ല ആധിപത്യം സ്ഥാപിച്ചു.

ഇതാൻടാ..

രാജാധിരാജ

സ്‌പോർട്സ് സ്കൂളുകളിൽ രാജാധിരാജ പട്ടം ജി.വി.രാജയ്ക്ക് സ്വന്തം. 45 സ്വ‌ർണം,28 വെള്ളി,9 വെങ്കലമുൾപ്പടെ 82 മെഡലുകൾ നേടി 315 പോയിന്റാണ് ജി.വി. രാജ നേടിയത്. 62 കുട്ടികൾ മത്സരിച്ച സ്കൂളിൽ നിന്ന് 58 കുട്ടികളും മെഡലുകൾ നേടി.100,200,400,800,1500,3000,800 മീറ്രർ ഓട്ട മത്സരങ്ങൾക്ക് ജി.വി.രാജയുടെ സർവാധിപത്യമായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സംസ്ഥാനതലത്തിൽ പോലും അഞ്ചിൽ താഴെ മാത്രം മെഡലുകൾ നേടിയിരുന്ന ജി.വി. രാജയുടെ തിരിച്ചുവരവായിരുന്നു. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ 13 മെഡലുകൾ നേടി. കോഴിക്കോട് നടന്ന ജൂനിയർ സ്റ്റേറ്റ് മേളയിൽ 32 മെഡലുകളും തിരുവനന്തപുരത്ത് നടന്ന ഇന്റർക്ളബ് മത്സരങ്ങളിൽ 27 മെഡലുകളും ഈ വർഷം ജി.വി.രാജ വാരിക്കൂട്ടി. സ്‌പ്രിന്റ്,ജംബ് ഇനങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്. മികച്ച സെലക്ഷനിലൂടെ കുട്ടികളെ തിരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് അധികൃതർ പറഞ്ഞു. ഖേലോ ഇന്ത്യ ഹൈ പെർഫോമൻസ് മാനേജർ പി.പി.ജോസഫാണ് സെലക്ഷനും മറ്റും ചുക്കാൻ വഹിക്കുന്നത്. അജിമോനാണ് ഹെഡ് കോച്ച്.

ജി.വി. രാജ സ്‌പോർട്സ് സ്‌കൂൾ - 315 പോയിന്റ്

45 സ്വ‌ർണം

28 വെള്ളി

9 വെങ്കലം

മൊത്തം - 82 മെഡലുകൾ

ഇഞ്ചോടിഞ്ച്

നാല് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 53 പോയിന്റുമായി അരുമാനൂർ എം.വി.എച്ച്.എസ്.എസ് ആണ് സ്കൂൾ വിഭാ​ഗത്തിൽ ഒന്നാമതെത്തിയത്. 40 താരങ്ങളുമായെത്തിയ അരുമാനൂരിന്റെ വിജയമാണ് നെയ്യാറ്റിൻകര ഉപജില്ലയെ കിരീടമണിയിച്ചത്. സിന്തറ്റിക് ട്രാക്കിൽ മുൻപരിചയമില്ലാത്തതിനാൽ തങ്ങളുടെ കുട്ടികളിൽ പലർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന് പരിശീലകനായ അഖിൽ പറയുന്നു.

നാല് സ്വർണവും മൂന്ന് വെങ്കലവും ഉൾപ്പെടെ 23 പോയിന്റുമായി ജി.വി ആൻഡ് എച്ച്.എസ്.എസ് വിതുരയാണ് രണ്ടാം സ്ഥാനത്ത്. പാലോട് സബ് ജില്ലാ കായികമേളയിൽ കഴിഞ്ഞ ഏഴ് വർഷമായി വിതുര സ്കൂളിലാണ് ഒന്നാം സമ്മാനം. മെച്ചപ്പെട്ട ​ഗ്രൗണ്ടും സൗകര്യങ്ങളും ലഭിച്ചാൽ കൂടുതൽ താരങ്ങളെ വളർത്തിക്കൊണ്ടുവരാനാകുമെന്ന് പരിശീലകനായ ഡി.സത്യൻ പറയുന്നു. നാല് സ്വർണവുമായി 20 പോയിന്റ് നേടി നെടുമങ്ങാട് ഗേൾസ് എച്ച്.എസ്.എസ് മൂന്നാമതും ഒരു സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലുമുൾപ്പെടെ 17 പോയിന്റുമായി കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ് നാലാമതുമെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL