SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

നെല്ലിക്കട്ട ഗുരുക്ഷേത്രത്തിലും മാന്യ അയ്യപ്പമന്ദിരത്തിലും കവ‌ർച്ച

കാസർകോട്: നെല്ലിക്കട്ട ശ്രീനാരായണ ഗുരുക്ഷേത്രത്തിലും മാന്യ അയ്യപ്പ ഭജനമന്ദിരത്തിലും കവർച്ച. നെല്ലിക്കട്ടയിൽ ഗുരുമന്ദിരത്തിന്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഭണ്ഡാരപ്പെട്ടികളും ഓഫീസ് മുറിയിലുണ്ടായിരുന്ന അലമാര കുത്തിതുറന്ന് 25,000 രൂപയും കവർന്നു. അകത്തുണ്ടായിരുന്ന സി.സി ടി.വിയുടെ സ്റ്റോറേജ് എടുത്തുകൊണ്ടുപോയി. ശ്രീകോവിലിന്റെ പൂട്ടും പൊളിച്ചിരുന്നു. 60,​000 ത്തോളം രൂപയുടെ നഷ്ടമുണ്ടായി.

രാവിലെ ദീപം വെക്കാൻ എത്തിയ കർമ്മിയാണ് പൂട്ടുകൾ പൊളിച്ച നിലയിൽ കണ്ടതെന്ന് ഗുരുക്ഷേത്രം സെക്രട്ടറി എൻ.സി ശേഖരൻ പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് സി.എച്ച് സുധാകരന്റെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്തു. എസ്.ഐയും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.

അയ്യപ്പ ഭജനമന്ദിരത്തിന്റെ ശ്രീകോവിൽ വാതിലും ചുറ്റമ്പലത്തിന്റെ വാതിലും കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. ശ്രീകോവിലിൽ നിന്ന് നാല് ലക്ഷം രൂപ വില വരുന്ന വെള്ളിയിൽ നിർമ്മിച്ച അയ്യപ്പന്റെ ഛായാചിത്രമാണ് കവർന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

അയ്യപ്പമന്ദിരത്തിന് സമീപം ക്വാട്ടേഴ്സ് മുറിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഈ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു മോഷണം. ശബ്ദം കേട്ട് അതിഥി തൊഴിലാളികൾ ഉണർന്ന് നോക്കാതിരിക്കാനാണ് മുറി പുറത്തുനിന്നും പൂട്ടിയത്. രാത്രി ഇടക്കിടെ വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. രാവിലെയാണ് അയ്യപ്പമന്ദിരത്തിൽ കവർച്ച നടന്നതായി അറിഞ്ഞത്.

പൊലീസെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. വൈദ്യുതി മുടങ്ങിയതിനാൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിക്കുമോയെന്ന സംശയത്തിലാണ് പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, ROBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL