തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ 82-ാമത് ക്രിസ്തുരാജത്വ തിരുനാളിന് വർണ്ണാഭമായ ചടങ്ങുകളോടെ കൊടിയേറി.ഇടവക വികാരി ഡോ.വൈ.എം.എഡിസൺ മുഖ്യകാർമ്മികത്വം വഹിച്ചു.തിരുവനന്തപുരം ലെത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷമായിരുന്നു കൊടിയേറ്റ്.
ഇന്നലെ വൈകിട്ട് 6.30ഓടെ ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനാ നിർഭരവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ മാലാഖ രൂപംധരിച്ച കുഞ്ഞുങ്ങളും കൊമ്പ്രിയസഭ അംഗങ്ങളും പ്രദക്ഷിണത്തിലൂടെ ദേവാലയത്തിലെത്തിച്ച പതാക ഇടവക വികാരിയും സഹവികാരിമാരായ ഫാ.ലീൻ, ഫാ.ഹെറിൻ എന്നിവരും ചേർന്ന് ആശിർവദിച്ചു. തുടർന്ന് പ്രദക്ഷിണത്തിലൂടെ പതാക ക്രിസ്തുരാജ സ്വരൂപത്തിൽ സമർപ്പിച്ച ശേഷം കൊടിമര വേദിയിലെത്തിച്ചു.ഇടവക വികാരി മാലാഖമാരിൽ നിന്ന് പതാക ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച പീഠത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം ആരതിയുഴിഞ്ഞും ആർഷ ഭാരത മന്ത്രത്തിന്റെ അകമ്പടിയോടെയും രാത്രി 8ന് വികാരി ഫാ.എഡിസണിന്റെ നേതൃത്വത്തിൽ കൊടിയുയർത്തി.മന്ത്രിമാരായ ജി.ആർ.അനിൽ, മുഹമ്മദ് റിയാസ്, ആന്റണി രാജു എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.തിരുനാളിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 6ന് ക്രിസ്തുരാജ സന്നിധിയിൽ ഫാ.ജസ്റ്റിൻ ഡിക്രൂസിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും 11ന് ഫാ.ടോണി ഹാംലറ്റിന്റെയും ഉച്ചകഴിഞ്ഞ് 3.30ന് ഫാ.റൊഡ്രിക്സ് കുട്ടിയുടെയും രാത്രി 8ന് ഫാ.ജി.ജോസിന്റെയും മുഖ്യകാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയും നടക്കും.ഫാ.ഷാജിൻ ജോസ്, ഫാ.ലാസർ ബെനഡിക്ട്, ഫാ.യൂജിൻ ബ്രിട്ടോ ഐ.വി.ഡി എന്നിവർ വചനസന്ദേശം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |