SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

കാണാമറയത്തെ കണ്ടൽക്കാടുകൾ

1

പൂവാർ: അശാസ്ത്രീയ നിർമ്മാണവും മാലിന്യനിക്ഷേപവും വ്യാപകമായതോടെ പൂവാർ പൊഴിക്കരയിലെ കണ്ടൽക്കാടുകൾ വംശനാശഭീഷണിയിൽ. വികസന മറവിൽ നടത്തുന്ന പ്രവർത്തനങ്ങളാണ് കണ്ടൽക്കാടുകളെ നാശത്തിന്റെ വക്കിലെത്തിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. നെയ്യാറിന്റെ കൈവഴികളായ ചകിരിയാറിന്റെയും മുട്ടയാറിന്റെയും, മനുഷ്യനിർമ്മിത എ.വി.എം കനാലിന്റെയും സംഗമം കൂടിയാണ് പൂവാർ പൊഴിക്കര. ഇവിടെയുള്ള ബ്രേക്ക് വാട്ടറും കണ്ടൽക്കാടുകളും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്. കണ്ടൽക്കാടിലൂടെയുള്ള ബോട്ട് സവാരിയും പക്ഷിക്കാഴ്ചയുമെല്ലാം സഞ്ചാരികൾക്കെപ്പോഴും കൗതുകമാണ്. ഹോട്ടലുകളും ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളും ബോട്ട് യാർഡുകളും ഇവിടം കൈയടക്കിയതോടെ കണ്ടൽക്കാടുകൾ പടിപടിയായി നശിക്കാൻ തുടങ്ങി. കാലാവസ്ഥ, കടൽക്കാറ്റ് എന്നിവ നിയന്ത്രിക്കാൻ പര്യാപ്തമായ പ്രകൃതിയുടെ സംരക്ഷണ ഭിത്തികൂടിയാണിവ. കണ്ടൽക്കാട് നശിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അനധികൃത നിർമ്മാണം

ഏകദേശം 50 മീറ്ററോളം വീതിയുണ്ടായിരുന്ന ചകിരിയാറും മുട്ടയാറും ഇന്ന് 5 മീറ്റർ പോലുമില്ല. നെയ്യാറിന്റെയും എ.വി.എം കനാലിന്റെയും വീതി കുറഞ്ഞു. ചതുപ്പുകൾ മണ്ണിട്ട് നികത്തി. കാട് വെട്ടിത്തെളിച്ചും തീയിട്ട് നശിപ്പിച്ചും അനധികൃത നിർമ്മാണം സജീവമായി. കുളത്തൂർ,പൂവാർ പഞ്ചായത്തധികൃതർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെ പഴിചാരി മൗനാനുവാദം നൽകിയതായും ആരോപണമുണ്ട്.

പൂവാർ ചരിത്രം

ടൂറിസം രംഗത്ത് ജില്ലയിൽ കോവളം കഴിഞ്ഞാൽപ്പിന്നെ പൂവാറാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് പോക്കു മൂസാപുരം എന്ന പട്ടണമായിരുന്നു പൂവാർ. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽനാടുകളുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ എ.വി.എം കനാൽ സ്ഥാപിച്ചത്. അതോടെ പൂവാർ വ്യാവസായിക പട്ടണമായി ഉയർന്നു. സുഗന്ധവ്യഞ്ജന കയറ്റുമതിയും ഉപ്പും നെല്ലും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയും യഥേഷ്ടം തുടർന്നു. കയറുത്പന്നങ്ങളാലും കരകൗശല വസ്തുക്കളാലും പൂവാർ സമ്പന്നമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL