SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

തീപിടിത്ത സാദ്ധ്യതകളേറുന്നു,​ ജാഗ്രത വേണം

വെഞ്ഞാറമൂട്: വേനലെത്തുന്നതോടെ നാട്ടിൻപുറങ്ങളിൽ തീപിടിത്ത സാദ്ധ്യതകളും വർദ്ധിക്കുന്നു. കഴിഞ്ഞ വേനലിൽ പ്രദേശത്ത് നിരവധി സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറ, കടലുകാണിപ്പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും തീപിടിത്തമുണ്ടാവുകയും ഏക്കർ കണക്കിന് കുറ്റിക്കാടുകൾ നശിക്കുന്നതും. ഇവിടെയുള്ള പുൽമേടുകൾ വേനലിന്റെ ആരംഭത്തിൽത്തന്നെ കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. നല്ല കാറ്റും ഉള്ളതിനാൽ തീ പടരാൻ ഒരു കനൽ മതി. ഇലപൊഴിയാൻ തുടങ്ങിയതോടെ നിരവധി റബർ പുരയിടങ്ങൾക്കും തീപിടിക്കാൻ സാദ്ധ്യതയുണ്ട്. തീപിടിത്തങ്ങൾക്ക് കാരണം മനുഷ്യരുടെ അശ്രദ്ധയാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. അശ്രദ്ധമായി വലിച്ചെറിയുന്ന ബീഡിക്കുറ്റിയിൽ നിന്നോ, തീപ്പെട്ടി കൊള്ളിയിൽ നിന്നോ ആണ് അനിയന്ത്രിതമായ തീ പടരുന്നതും ഏക്കറുകണക്കിന് പുരയിടം കത്തി നശിക്കുന്നതും. ഇത്തരത്തിൽ തീ കത്തിക്കുന്നത് നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകരുന്നതിനും ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു.

പുരയിടങ്ങൾ തരിശായിക്കിടക്കുന്നു

കാർഷിക മേഖലയിലെ വർദ്ധിച്ച ചെലവും വന്യമൃഗങ്ങളുടെ ശല്യവും കാരണം ഏക്കർ കണക്കിന് പുരയിടമാണ് തരിശായിക്കിടക്കുന്നത്. കാടുകയറിയ ഈ പരിസരങ്ങൾ വെട്ടിത്തെളിക്കാനുള്ള ചെലവ് ലഘൂകരിക്കാൻ പലരും തീ ഇടാറാണ് പതിവ്. ഇത്തരത്തിലെ തീ അനിയന്ത്രിതമാവുകയും അയൽ പുരയിടം കൂടി അഗ്നിക്ക് ഇരയാവുകയും ചെയ്യുന്നു.

ഫയർഫോഴ്സ് നിർദ്ദേശങ്ങൾ

തീപിടിത്തമുണ്ടായാൽ ഉടൻ ഫയർഫോഴ്‌സിനെ അറിയിക്കുക. പലപ്പോഴും തീയിട്ടതിന്റെ പേരിൽ നിയമ നടപടി ഉണ്ടാകുമോയെന്ന് ഭയന്ന് അവസാനഘട്ടത്തിൽ മാത്രമാണ് പലരും ഫയർഫോഴ്‌സിനെ അറിയിക്കുന്നത്. സേവനം സൗജന്യവും ഇരുപത്തിനാല് മണിക്കൂറുമാണ്

ഫയർ ബെൽറ്റ് രൂപീകരിച്ച് തരിശിടങ്ങളിൽ തീയിടുക

കരിയില കത്തിക്കുമ്പോൾ വെള്ളം കരുതുക

ടൂറിസ്റ്റ് സ്ഥലങ്ങളിലെത്തുമ്പോൾ സിഗരറ്റ്, തീപ്പെട്ടി എന്നിവ കത്തിച്ച് വലിച്ചെറിയുന്നവ ഒഴിവാക്കുക. കരിയില കൂട്ടിയിട്ട് കത്തിക്കാതിരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL