
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിന്റെ വടക്കുഭാഗത്ത് തീരശോഷണം തടയാൻ ഗ്രോയിനുകളുടെ നിർമ്മാണം ആരംഭിച്ചു. താഴംപള്ളി മുതൽ മുഞ്ഞമൂട് പാലം വരെ 2.7കിലോമീറ്റർ ദൂരത്തിൽ 9 ഗ്രോയിനുകളുടെ നിർമ്മാണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിർമ്മിച്ച ഗ്രോയിൻ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
രണ്ടാമത്തതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയത മൂലം വടക്ക് ഭാഗത്താണ് വലിയ രീതിയിലുള്ള തീരശോഷണമാണുണ്ടായത്. ഗ്രോയിനുകൾ നിർമ്മിക്കുന്നതിലൂടെ കൃത്രിമതീരം ഉണ്ടാക്കാനാകും.
കടൽക്ഷോഭ സമയങ്ങളിൽ കടലാക്രമണങ്ങളിൽ മുൻ വർഷങ്ങളിൽ നൂറ് കണക്കിന് വീടുകൾ ഈ മേഖലയിൽ തകരുകയും മത്സ്യതൊഴിലാളികൾക്ക് ഇവിടെ നിന്നും കടലിലേക്ക് പോകാനാവാത്ത സാഹചര്യവുമായിരുന്നു. ഗ്രോയിനുകൾ നിർമ്മിക്കുന്നതിലൂടെ തീരശോഷണം ഇല്ലാതാക്കി കൂടുതൽ മണലടിഞ്ഞ് തീരം രൂപപ്പെടും. ഇതോടെ മത്സ്യതൊഴിലാളികൾക്ക് വള്ളങ്ങളും മറ്റുപകരണങ്ങളും തീരത്തേക്ക് കയറ്റിവെക്കാനും സാധിക്കും
കിഫ്ബി സഹായത്തോടെ തീരദേശ വികസന കോർപ്പറേഷൻ 26.51 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 50 മുതൽ 110 മീറ്റർ നീളത്തിലും 40 മുതൽ 200 മീറ്റർ അകലത്തിലുമാണ് 9 ഗ്രോയിനുകളാണ് നിർമ്മിക്കുക.
ജിയോ ടൂബുകൾ
കഠിനംകുളം കായലിന്റെ തീരസംരക്ഷണത്തിനായി ജിയോ ടൂബുകൾ ഉപയോഗിച്ച് സുരക്ഷയൊരുക്കുന്ന നടപടികളും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. രാമലിംഗൻ കൺസ്ട്രഷൻ കമ്പനിക്കാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. 2023 ഏപ്രിലിൽ നിർമ്മാണ ഉദ്ഘാടനം നടന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോവുകയായിരുന്നു. ഒരു മാസം മുമ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പാറകൾ കിളിമാനൂരിൽ നിന്ന്
ഗ്രോയിനുകൾ നിർമ്മിക്കുവാനുള്ള പാറകൾ കിളിമാനൂരിൽ നിന്നാണ് എത്തിക്കുന്നത്. താഴംപള്ളിയിലെ വെയ്റ്റ് യാർഡിൽ എത്തിച്ച് തൂക്കം വിലയിരുത്തിയ ശേഷം ജെ.സി.ബിയുടെ സഹായത്തോടെയാണ് പാറ കരയിൽ നിന്നും കടലിലേക്ക് നീക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഹാർബർ എൻജിനിയറിംഗ് വിഭാഗവും മേൽനോട്ടം വഹിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |