SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

എങ്ങുമെത്താതെ വാക്കംകുളം കുടിവെള്ള പദ്ധതി

കടയ്ക്കാവൂർ: ഏറെ പ്രതീക്ഷയോടെ ജനം കാത്തിരുന്ന വാക്കംകുളം കുടിവെള്ള പദ്ധതി പാതിവഴിയിൽ മുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. അ‌ഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ ജലം എത്തിക്കാനുള്ള വാക്കംകുളം കുടിവെള്ള പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. 2016ൽ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ലോകബാങ്ക് അഞ്ചുതെങ്ങ് പഞ്ചായത്തിനായി നാല് കോടി രൂപ അനുവദിച്ചിരുന്നു. അഞ്ച്,ആറ്,ഏഴ് വാർഡുകളിൽ നേരിട്ടും പതിനൊന്നും പന്ത്രണ്ടും വാർഡുകളിൽ അല്ലാതെയും കുടിവെള്ളമെത്തിക്കാനായിരുന്നു പദ്ധതി. കരകുളത്തെ ഏജൻസിയാണ് പ്രോജക്ട് തയ്യാറാക്കി വേൾഡ് ബാങ്കിന് സമർപ്പിച്ചത്. പഞ്ചായത്ത്‌ ഓഫീസിനു സമീപം ഒരു ഷോപ്പിംഗ് കോംപ്ലക്സും കല്യാണമണ്ഡപവും നിർമ്മിക്കാനും വാക്കംകുളം നവീകരിച്ച് കുടിവെള്ള പദ്ധതി നടപ്പാക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോകബാങ്ക് സഹായം 2കോടിയായി വെട്ടിക്കുറച്ചു. പിന്നീട് തീരദേശ പരിപാലന നിയമം കാരണം ഷോപ്പിംഗ് കോംപ്ലക്സ് കല്യാണ മണ്ഡപം എന്നീ പ്രോജക്ടുകൾ നിരസിക്കുകയും കുടിവെള്ള പദ്ധതി നടപ്പാക്കാൻ ശ്രമമാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനായി ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും പദ്ധതിക്കായി നടത്തിയ മണ്ണ് പരിശോധനയിൽ കുളത്തിലെ പൂഴിമണൽ കാരണം പില്ലറുകൾ സ്ഥാപിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി. ഒടുവിൽ കുളത്തിനോട് ചേർന്ന പുരയിടത്തിന്റെ ഉടമസ്ഥൻ 2 സെന്റ് പഞ്ചായത്തിന് നൽകാമെന്നും കുളത്തിനോട് ചേർന്ന് നിർമ്മിക്കുന്ന നടവഴി അദ്ദേഹത്തിന് കൂടി ഉപയോഗിക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ഇത് അംഗീകരിച്ചതോടെ സ്ഥലമുടമ സമ്മതപത്രം പഞ്ചായത്തിന് നൽകിയെങ്കിലും കൃത്യസമയത്ത് പ്രമാണം ചെയ്യാത്തതിനാൽ ഈ ഭൂമി നഷ്ടപ്പെട്ടു.

ഭൂമി ലഭിക്കണം

അഞ്ചുതെങ്ങ് സുനാമി കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന 2 സെന്റ് ഭൂമി കുടിവെള്ള പദ്ധതിക്കായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പഞ്ചായത്ത് കമ്മിറ്റി ശുപാർശ നൽകിയിരുന്നു. എന്നാൽ യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ല. പഞ്ചായത്തംഗം എസ്.പ്രവീൺചന്ദ്ര ഇടപെട്ടതിന്റെ ഫലമായി പഞ്ചായത്തുകൾക്ക് ഭൂമി കൈമാറാൻ കഴിയില്ലെന്നും പാട്ടത്തിന് നൽകാമെന്നും അറിയിച്ചതിനെ തുടർന്ന് പാട്ടത്തിന് ഭൂമി ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ പഞ്ചായത്ത് തയ്യാറാക്കി സമർപ്പിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഭൂമി ലഭിച്ചാൽ മാത്രമെ കുടിവെള്ള പദ്ധതിക്കായുള്ള പ്ലാന്റ് സ്ഥാപിക്കാനാവു.

പദ്ധതി

കുളത്തിനകത്തു തന്നെ പില്ലർ നിർമ്മിച്ച് മൂന്നു ടാങ്കുകൾ സ്ഥാപിക്കണം. ഒന്നിൽ വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചശേഷം രണ്ടാമത്തെ ടാങ്കിൽ സംഭരിക്കും, അവിടെ നിന്ന് ഫിൽട്ടർ ചെയ്ത് മൂന്നാമത്തെ ടാങ്കിലേക്ക് മാറ്റി പൈപ്പ് ലൈൻ വഴി ജനങ്ങൾക്ക് എത്തിക്കുമെന്നായിരുന്നു പദ്ധതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL