പെരുമ്പാവൂർ: പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് ഒൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി നഷ്ടമായ സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് അന്വേഷണമാരംഭിച്ചു. പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് പറഞ്ഞ് ദുബായിയിൽ വച്ച് പരിചയപ്പെട്ടയാളാണ് പ്രലോഭിപ്പിച്ചത്. തട്ടിപ്പ് സംഘം പറഞ്ഞ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ചെറിയ തുക നിക്ഷേപിച്ചപ്പോൾ വലിയ തുക ലാഭമായി നൽകി. വിശ്വാസം വന്നതോടെ ആഗസ്റ്റ് 12 മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി പല തവണയായി നാലരക്കോടിയോളം രൂപ നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ ലാഭമെന്ന തരത്തിൽ വൻതുക അവർ നൽകിയ ആപ്പിൽ പ്രദർശിപ്പിച്ചു കൊണ്ടുമിരുന്നു. തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് പരാതി നൽകുകയായിരുന്നു. പണം നിക്ഷേപിച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |