വെള്ളറട: ലഹരിക്കെതിരെ പ്രചാരണങ്ങൾ നടക്കുമ്പോഴും മലയോരത്ത് കച്ചവടം സുലഭം. മലയോരമേഖയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവിന്റെയും കച്ചവടവും വ്യാപകമായിരിക്കുകയാണ്. തമിഴ്നാടിനോട് ചേർന്ന അതിർത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട്, പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവ് ലഭിക്കുന്നത്. അതിർത്തിവഴി യാതൊരു പരിശോധനയുമില്ലാതെയെത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിനെത്തിക്കുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘവും ഇപ്പോൾ കച്ചവടത്തിനെത്തുന്നുണ്ട്. വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നു. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു.
വില്പന സംഘങ്ങൾ സജീവം
കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്തുപറയാൻപോലും കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപാച്ചിലും പേടിച്ച് റോഡിൽ നിൽക്കാനാകാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ.
ആറാട്ടുകുഴി, പനച്ചമൂടും കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യുവാക്കളെ ആകർഷിക്കാൻ യുവതികളായ സ്ത്രീകളെയും സംഘങ്ങൾ ബൈക്കുകളും നൽകി രംഗത്തിറക്കിയിട്ടുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്.
ആത്മഹത്യാപ്രവണതയും
കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യാപ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവരിൽ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചില്ലെങ്കിൽ മലയോരമേഖല കഞ്ചാവിന് അടിമയാകും.
നിരോധിത പുകയിലഉത്പന്നങ്ങളുടെ വില്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതിലാണ് നടക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിരോധിത പുകയിലഉത്പന്നങ്ങൾ കൂടിയവിലയ്ക്ക് നൽകുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകിവരുന്നുണ്ട്.
ഉദ്യോഗസ്ഥരും പ്രതിസന്ധിയിൽ
മലയോരത്ത് ലഹരിവസ്തുക്കൾ അതിർത്തി കടന്ന് സുലഭമായി എത്തുന്നതുകാരണം കച്ചവടക്കാർ വൻലാഭം കൊയ്യുകയാണ്. റോഡിന്റെ ഒരുഭാഗം തമിഴ്നാടിനോട് ചേർന്നതാണ്. കേരളത്തിൽ ലഹരിവസ്തുക്കൾക്ക് നിരോധനമുണ്ടെങ്കിലും അതിർത്തിക്കപ്പുറത്തെ കടകളിൽ പാൻ ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നുണ്ട്. ഇത് ഗ്രാമങ്ങളിൽ ലഹരിവസ്തുക്കൾ ലഭിക്കാനിടയാക്കുന്നു. ഇതുകാരണം നിയമപാലകർക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നുള്ളതെന്ന് എക്സൈസ്, പൊലീസ് അധികൃതർ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |