SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

കാഴ്ചയുടെ നിറവസന്തമൊരുക്കി മലയോര ടൂറിസം മേഖല

photo

പാലോട്: കാഴ്ചയുടെ കാണാസ്വർഗങ്ങൾ തീർത്ത് വിനോദസഞ്ചാരികളെ ആകർഷിച്ച് മലയോര ടൂറിസം മേഖല. മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മങ്കയം, ബ്രൈമൂർ, മീൻമുട്ടി എന്നിവിടങ്ങൾ വനവും വെള്ളച്ചാട്ടവും സാഹസികമലയാത്രകളെല്ലാം കൊണ്ട് സഞ്ചാരികളെ വരവേൽക്കുകയാണ്.


തിരുവനന്തപുരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന മങ്കയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

മങ്കയം

മഴക്കാടുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയിൽ കുളിച്ച് പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണ് മങ്കയം. പുഴയുടെ ഓരത്ത് കൂടി നടന്നാൽ ചെറിയ വള്ളി കുടിലുകളും മരക്കൂട്ടങ്ങളും, ദീർഘദൂര നടത്തത്തിനായി വനത്തിലേക്ക് നീളുന്ന നടപ്പാതകളും ഉണ്ട്. തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങളായ കാളക്കയവും കുരിശടിയും മങ്കയത്താണ്. 60 അടി ഉയരത്തിൽ നിന്ന് അഞ്ച് തട്ടുകളിലൂടെയാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.

വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയിൽ 650 ഏക്കർ സ്ഥലത്ത് വിവിധതരം ഔഷധസസ്യങ്ങൾ ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയില തോട്ടം എന്നിവയുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് മങ്കയം വെള്ളച്ചാട്ടം.

അരിപ്പ

പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ ചെങ്കോട്ട സംസ്ഥാന പാതയ്ക്ക് അരികിലുള്ള അരിപ്പ വൈവിദ്ധ്യങ്ങളായ സസ്യ ജന്തുജാലങ്ങളുടെ താവളമാണ്. 270ഓളം പക്ഷികളുടെ ആവാസ കേന്ദ്രവും പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടമാണ് അരിപ്പ. അരിപ്പയിലെ ഹരിത പറുദീസ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് അനുഭൂതി പകരുന്നു. സമ്പന്നമായ ജൈവവൈവിധ്യങ്ങളും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് സവിശേഷമായ അരിപ്പയിലെ ട്രക്കിംഗിന് വനംവകുപ്പിന്റെ അനുമതി വേണം. മലബാർ വേഴാമ്പലിനെ കാണുവാനാകുന്ന ഇടമാണ് അരിപ്പ.

മീൻമുട്ടി

തിരുവനന്തപുരത്തെ മറ്റൊരു പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണ് മീൻമുട്ടി. പൊന്മുടി ഹിൽസ്റ്റേഷനും അഗസ്ത്യാ ബയോസ്ഫിയർ റിസർവിനും സമീപത്താണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വിതുരയിൽ നിന്ന് വനത്തിലൂടെ രണ്ട് കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം.

സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതി, സാഹസിക വിനോദസഞ്ചാരം, ഫാംടൂറിസം, എന്നിവയെല്ലാം മലയോര ഗ്രാമങ്ങൾക്ക് പുതിയ ഉണർവാകും. ദൂരദേശങ്ങളിൽ നിന്ന് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെയെത്തി മടങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL