SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

വിപണിയിൽ സർവത്ര വ്യാജ ഉത്പന്നങ്ങൾ

വർക്കല: വിപണിയിലെത്തുന്ന നിത്യോപയോഗ സാധനങ്ങളിൽ മായം കലർന്നതും വ്യാജ ഉത്പന്നങ്ങളാണെന്നുമുള്ള പരാതി വ്യാപകം. വർക്കലയിലെയും സമീപ പഞ്ചായത്തുകളിലെയും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ വില്പനയ്ക്കെത്തുന്ന പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള മിക്ക വസ്തുക്കളിലും വ്യാജന്മാരുണ്ട്. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ വില്പനയ്‌ക്കെത്തുന്ന ഇത്തരം സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ചില്ലറ വ്യാപാരികളിലേക്കെത്തുന്നു. ഉത്പന്നങ്ങളിൽ പ്രിന്റ് ചെയ്തിട്ടുള്ള വില നൽകി വാങ്ങുന്ന ഉപഭോക്താവിന് ലഭിക്കുന്നത് പലപ്പോഴും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ്. ബേക്കറികളിലും ഹോട്ടലുകളിലുമൊക്കെ വില്പനയ്ക്കെത്തുന്ന കുബ്ബൂസ് ഗ്രാമീണ മേഖലകളിൽ വിതരണം ചെയ്യുന്നതും ഉത്പ്പാദിപ്പിക്കുന്നതും ആരെന്ന് പോലും ഉപഭോക്താവോ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോ അന്വേഷിക്കാറില്ല. ഇത്തരം വസ്തുക്കൾ പ്ലാസ്റ്റിക്ക് കവറുകളിൽ കടകളിലെത്തിക്കുകയും ഷവർമ്മ പോലുള്ള ആഹാരസാധനങ്ങളിലും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ഇവയ്‌ക്കൊന്നും പാക്കിംഗ്, എക്സ്പയറി തീയതികളോ രേഖപ്പെടുത്താറുമില്ല. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ രാത്രികളിൽ വില്പന നടത്തുന്ന ചപ്പാത്തി പാക്കറ്റുകൾ പരിശോധിച്ചാൽ പാക്കിംഗ് തീയതി തൊട്ടടുത്ത ദിവസത്തേതായിരിക്കും. ഉപഭോക്താവിന് ആരോഗ്യ സംരക്ഷണവും ഉറപ്പ് വരുത്തുന്ന രീതിയിൽ ഇവിടങ്ങളിൽ പരിശോധന നടക്കുന്നില്ലെന്നതാണ് വാസ്തവം. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ നേരിട്ടെത്താത്തതിനാൽ പലപ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുന്നില്ല. മരുന്നുകളിൽപോലും വ്യാജന്മാർ വിപണിയിലെത്തുന്നു. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനുളള നടപടികളാണ് അധികൃതർ കൈക്കൊള്ളേണ്ടത്.

ബ്രാൻഡുകളും ഡ്യൂപ്ലിക്കേറ്റ്

പ്രമുഖ ബ്രാൻഡുകളുടെ സോപ്പും ടൂത്ത് പേസ്റ്റും ഉൾപ്പെടെയുള്ള മിക്ക വസ്തുക്കളിലുമിപ്പോൾ വ്യാജന്മാരുണ്ട്. ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാൻ യാതൊരുവിധ വ്യത്യാസങ്ങളും തോന്നില്ലെങ്കിലും കൊള്ളലാഭം മുന്നിൽ കണ്ടുള്ള വ്യാജന്മാരുടെ വരവ് വിപണിയിൽ വർദ്ധിച്ചു. സമൂഹത്തിന്റെ തന്നെ ആരോഗ്യസുരക്ഷയ്ക്ക് ഇത് ഭീഷണിയാണ്. നൊസ്റ്റാൾജിയ ഉണർത്താൻ പാകത്തിൽ എപ്പോഴും ഇഷ്ടം തോന്നുന്ന തേൻമിഠായികളിൽ പോലും വിപണിയിൽ എത്തുമ്പോൾ നിലവാരമില്ലാത്തതായി മാറുന്നുണ്ട്. ഇത്തരത്തിൽ വിവിധ കളറുകളിൽ വിപണിയിലെത്തുന്ന മിഠായികളുടെയും ചോക്ലേറ്റുകളുടെയും നിർമ്മാണ കേന്ദ്രങ്ങൾ തിരഞ്ഞുപിടിച്ച് പരിശോധന നടത്തണം.

പരിശോധനയില്ലാതെ ഇറച്ചി വില്പന

തമിഴ്നാട്ടിൽ നിന്നും വ്യാപകമായി പാൽ ഉത്പന്നങ്ങളും വിവിധതരത്തിലുള്ള ശീതള പാനീയങ്ങളും അച്ചാറുകളും വില്പനയ്ക്ക് എത്തുന്നുണ്ട്. മായം കലർന്നിട്ടുണ്ടോയെന്ന പരിശോധന പോലും കൂടാതെ ഇത്തരം ഉത്പ്പന്നങ്ങൾ നമ്മുടെ നാട്ടിൽ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു. അനധികൃത കശാപ്പുശാലകളിലേക്ക് തമിഴ്നാട്ടിൽ നിന്ന് യാതൊരുവിധ പരിശോധനയുമില്ലാതെ കൊണ്ടുവരുന്ന രോഗം ബാധിച്ച കന്നുകാലികളെ വരെ ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘങ്ങളും വർക്കലയിൽ സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL