വെമ്പായം: വേനൽ ആരംഭിച്ചപ്പോഴേയ്ക്കും പാടങ്ങളിലെയും പറമ്പുകളിലെയും പച്ചപ്പുല്ല് ഉണങ്ങിത്തുടങ്ങി, വൈക്കോലിന് തീവില, കാലിത്തീറ്റ വിലയും വർദ്ധിച്ചു, ജലത്തിന്റെ ലഭ്യതക്കുറവ് വേറെ. തുടങ്ങിയ പരിഭവങ്ങളെ ക്ഷീര കർഷകർക്ക് പറയാനുള്ളൂ. വേനൽ കടുത്തതോടെ പച്ചപ്പുല്ല് കിട്ടാനില്ല.ഗ്രാമീണ മേഖലയിലെ ക്ഷീരകർഷകർ സാമ്പത്തിക തകർച്ചയിൽ പിടിച്ചുനിൽക്കാനാവാതെ ഈ മേഖല ഒഴിയുകയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും വൈക്കോലെത്തുന്നത്. വൈക്കോൽ കെട്ടിന് 25 രൂപ മുതൽ 50 രൂപ വരെ വില കൂടി. വൈക്കോൽ കിട്ടാനുമില്ല.കഴിഞ്ഞ മാസം വരെ വലിയ കെട്ട് വൈക്കോലിന് 250-280 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ ഇതേ വൈക്കോലിന് 350- 400 രൂപയാണ് വില.വിലക്കയറ്റം മൂലം വ്യാപാരികൾ വൈക്കോലെടുക്കുന്നില്ല. കനത്ത മഴയേത്തുടർന്ന് തമിഴ്നാട്ടിൽ വൈക്കോൽ വ്യാപകമായി നശിച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്. പച്ചപ്പുല്ലിന്റെ കുറവ് വന്നതോടെ പാലുത്പാദനവും കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ചെറുകിട ക്ഷീരകർഷകരെയും സാരമായി ബാധിച്ചിട്ടുണ്ട്. പുതുതായി പശുവളർത്തലിലേക്ക് തിരിഞ്ഞ യുവാക്കൾ ഉൾപ്പെടെ പ്രതിസന്ധി നേരിടുകയാണ്.
വൈക്കോൽ കെട്ടിന് - 350- 400 രൂപ
സബ്സിഡി ലഭിക്കുന്നില്ല
കർഷകർക്കുള്ള കാലിത്തീറ്റ സബ്സിഡി കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.കാലിത്തീറ്റ വില ദിനംപ്രതി വർദ്ധിക്കുകയാണ്. കേരളഫീഡ്സ് ഉൾപ്പെടെയുള്ള കമ്പനികളും കാലിത്തീറ്റക്ക് വില കൂട്ടിത്തുടങ്ങി. പുറത്തുനിന്നുള്ള കാലിത്തീറ്റയ്ക്ക് 120 രൂപയിലധികം വില വർദ്ധിച്ചു. കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവാണ് തീറ്റയ്ക്ക് വില കൂടാൻ കാരണം. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്കും വില ഉയരുകയാണ്. പരുത്തിപ്പിണ്ണാക്ക്,കടലപ്പിണ്ണാക്ക്,ചോളം,തേങ്ങാപിണ്ണാക്ക് തുടങ്ങിയവയുടെ വിലയും കൂടി.
സംഘങ്ങൾക്ക് പാലിന് ലിറ്ററിന് മിൽമ നൽകുന്ന തുക 38രൂപ
സംഘങ്ങൾ കർഷകന് കൊടുക്കുന്നത് 39 മുതൽ 44 രൂപ
മിൽമ ലിറ്ററിന് നിഷ്കർഷിച്ചിരിക്കുന്നത് 48 രൂപ
ത്രിതല പഞ്ചായത്തുകൾ ക്ഷീര കർഷകന് 4 രൂപ സബ്സിഡി നൽകിക്കൊണ്ടിരുന്നത് ഇപ്പോൾ 3 രൂപയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |