
കലോത്സവ വേദികളിലും വിവാഹച്ചടങ്ങുകൾക്കുമെല്ലാം ചമയമൊരുക്കുമ്പോഴും മിത്രയുടെ സ്വപ്നങ്ങളുടെ അകലങ്ങളിൽ മിനിസ്ക്രീനും ബിഗ് സ്ക്രീനുമെല്ലാമുണ്ടായിരുന്നു. അത് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസ് വുമൺ മേക്കപ്പ് ആർട്ടിസ്റ്റ് മിത്ര.കെ.സരോജിനി. 7വർഷം മുമ്പാണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞ് മിത്ര പൂർണമായും ട്രാൻസ് വുമണായത്. മലപ്പുറം, പാലക്കാട് എസ്.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി പ്രാർത്ഥനയെ മോഹിനിയാട്ടത്തിനായി ഒരുക്കുന്നതിനിടെയാണ് മിത്ര കേരളകൗമുദിയോട് സംസാരിച്ചത്. മണികണ്ഠൻ നിലമ്പൂർ എന്ന പേരിൽ നിന്ന് മിത്രയിലേക്കുള്ള ദൂരം അത്ര ചെറുതായിരുന്നില്ല. സ്ത്രീയിലേയ്ക്കുള്ള പരകായ പ്രവേശനത്തിന് മുൻപും ശേഷവുമെല്ലാം മിമിക്രി സ്റ്റേജ് ആർട്ടിസ്റ്റ് കൂടിയായിരുന്നു മിത്ര. പ്രശസ്തരായ മിമിക്രി- കോമഡി താരങ്ങൾക്കൊപ്പം വേദി പങ്കിട്ടിട്ടുള്ള മിത്ര കഴിഞ്ഞ 12 വർഷമായി കലോത്സവ വേദികളിൽ ചമയമൊരുക്കാനെത്തുന്നു. തുടക്ക കാലത്ത് കലോത്സവ വേദികളിൽ നിന്നുൾപ്പെടെ മാറ്റിനിർത്തപ്പെട്ട പരിമിതി ഇന്ന് മിത്രയ്ക്കില്ല. നൃത്തം നേരത്തെ പഠിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്ക് ഉപേക്ഷിച്ചു. അതിന് ഇനിയും സമയമുണ്ടെന്ന് മിത്ര പറയുന്നു.പുറമേയുള്ള നൃത്ത പരിപാടികളിലും വിവാഹത്തിനുമുൾപ്പെടെ മേക്കപ്പ് ചെയ്യുന്നുണ്ട്. മേക്കപ്പ് ജോലിയിൽ അവസരം കൂടിയതോടെ മിമിക്രി കുറച്ചു. ഇതിനിടെയാണ് സീരിയലിലേക്കുള്ള ക്ഷണം. മുൻനിര ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന സീരിയലിൽ ഇന്ന് മുതൽ മുഴുനീള കഥാപാത്രമായി മിത്രയുമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |