SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

ചില കലാദ്ധ്യാപകരെ നിരീക്ഷിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : മുൻകാല കലോത്സവങ്ങളുടെ അനുഭവത്തിൽ ചില കലാദ്ധ്യാപകരെ നിരീക്ഷിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്റലിജൻസിന്റെയും വിജിലൻസിന്റെയും കൃത്യമായ ഇടപെടലുണ്ട്. വിധികർത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. സംസ്ഥാന സ്‌കൂൾ കലോത്സവം വൻജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്.25 വേദികളിലും മികച്ച പങ്കാളിത്തമാണുള്ളത്. ഉദ്ഘാടനസമ്മേളനത്തിൽ മാത്രം 15000 പേർ പങ്കെടുത്തു. തദ്ദേശീയകലകളുടെ മത്സരം നടക്കുന്ന നിശാഗന്ധിയിൽ നിരവധി ആസ്വാദകരെത്തി.നാടകം നടക്കുന്ന ടാഗോർ തിയേറ്ററിലും വലിയ ആൾക്കൂട്ടമെത്തുന്നുണ്ട്. നാടകത്തിന്റെ സമയക്രമം പാലിക്കുക എന്നത് വെല്ലുവിളി ഉയർത്തുന്നു.
സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒൻപതരയ്ക്ക് തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ ഒൻപതരയ്ക്കും പത്തുമണിക്കുമിടയിൽ തുടങ്ങാനായത് വിജയമാണ്.കലാപരമായി ഉയർന്ന നിലവാരമുള്ള കുട്ടികൾ സാമ്പത്തികമില്ലാത്തതിനാൽ വിവേചനമനുഭവിക്കരുത്. അത്തരം സാഹചര്യങ്ങളൊഴിവാക്കാനും അനാവശ്യ ധാരാളിത്തമില്ലാതിരിക്കാനും അദ്ധ്യാപകർ മുൻകൈയെടുക്കണം.പാർക്കിംഗും ഗതാഗത നിയന്ത്രണവും സംബന്ധിച്ച് ചില ആശങ്കകൾ നേരത്തേയുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചു മുന്നോട്ടുപോകാനായി. വേദികളിൽനിന്ന് വേദികളിലേക്ക് സർവീസ് നടത്താനായി 70 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സർവീസ് നടത്തുന്നത്.

പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് കാണുന്നത്. പുത്തരിക്കണ്ടത്തെ ഭക്ഷണപ്പന്തലിൽ കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിയേഴായിരം പേരാണ് ഭക്ഷണം കഴിച്ചത്.സമാപന സമ്മേളനം വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനപ്രതിനിധികൾ ചെയർമാൻമാരും ഉദ്യോഗസ്ഥർ കൺവീനർമാരുമായ 19 കമ്മിറ്റികളും കലോത്സവ വിജയത്തിനായി രാപ്പകൽ അദ്ധ്വാനിക്കുന്നു.ആദ്യദിനം മുതലേ മാദ്ധ്യമങ്ങൾ മേളയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ഇത് മാദ്ധ്യമങ്ങളുടെ കൂടി കലാമേളയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നഗരവാസികൾ വേദികളിലെത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകണമെന്ന് വാർത്താസമ്മേളനത്തിനിടെ മന്ത്രി ജി.ആർ അനിൽ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL