
ചാവക്കാട്: രണ്ട് പോക്സോ കേസിലായി 52കാരന് 240 വർഷം കഠിനതടവും 16 ലക്ഷത്തോളം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 31 മാസം കൂടി അധിക തടവ് അനുഭവിക്കണം. കൂടാതെ കുട്ടികൾക്ക് നിയമപ്രകാരമുള്ള മതിയായ നഷ്ടപരിഹാരം നൽകണം. പ്രതിയിൽ നിന്നും പിഴ ഈടാക്കുന്ന പക്ഷം പിഴ തുകയും കുട്ടികൾക്ക് നൽകാൻ കോടതി വിധിച്ചു.
ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവനെയാണ് (52) ചാവക്കാട് അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്. പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ 110 വർഷം കഠിന തടവും 7,75,000 രൂപയും ശിക്ഷയായി വിധിച്ചു. കൂട്ടുകാരനെ പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്ച 130 വർഷം കഠിനതടവും 8.75 ലക്ഷം പിഴയൊടുക്കാനും കോടതി വിധിച്ചിരുന്നു.
കൂട്ടുകാരന്റെ മാതാവ് കുട്ടിയോട് ചോദിച്ചതിൽ നിന്നാണ് കുട്ടിയെയും പ്രതി പീഡിപ്പിച്ചതായി അറിയാൻ കഴിഞ്ഞത്. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ജി.എസ്.എസ്.പി.ഒ ഐ.കെ.ഷൗജത്ത്, സെസിൽ ക്രിസ്ത്യൻ രാജ്, എസ്.എച്ച്.ഒ വിപിൻ വേണുഗോപാൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രൊസിക്യൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനായി സ്‌പെഷൽ പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ: സി.നിഷ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |