ശരീരത്തിന്റെ തളർച്ചയും പനിയും സാമ്പത്തിക പരാധീനതകളുടെ സങ്കടങ്ങളുമെല്ലാം ഉള്ളിലിട്ടാണ് കലോത്സവ വേദിയിലെത്തിയതെങ്കിലും മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അശ്വതി.എസ്.നായർ തളരാത്ത മനസ് കൊണ്ട് പോരാടി നേടിയത് എ ഗ്രേഡ്. പനിയും ചുമയുമായാണ് അശ്വതി കലോത്സവത്തിനെത്തിയത്. മത്സരം നടക്കുന്ന സമയത്തും ബുദ്ധിമുട്ടനുഭവപ്പെട്ടെങ്കിലും അതെല്ലാം മറന്ന് നൃത്തം ചെയ്ത അവൾ അത് പൂർത്തിയാക്കിയതിനു പിന്നാലെ തളർന്ന് വീണു. സ്റ്റേജിലെ സ്റ്റാഫും മാതാപിതാക്കളുമെല്ലാം ചേർന്ന് എടുത്ത് സ്റ്റേജിനു സമീപത്ത് തന്നെ കിടത്തി. മെഡിക്കൽ ടീമെത്തി പ്രാഥമിക ശുശ്രൂഷയും നൽകി. ഓട്ടോ ഡ്രൈവറായ അച്ഛൻ ശ്യാമിന് താങ്ങാനാകുന്നതിനും അപ്പുറമാണ് മകളുടെ ഡാൻസ് ചെലവുകൾ. അതറിയാവുന്ന ഗുരു സ്വാതിശ്രീ സ്റ്റിനി രാജ് ഒരു രൂപപോലും വാങ്ങാതെയാണ് അവളെ പഠിപ്പിക്കുന്നത്. ഇന്നലെ കേരളനടനത്തിനുള്ള ആഭരണങ്ങളും സ്റ്റിനിയുടേത് തന്നെയായിരുന്നു. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന മകളുടെ മത്സരം കണ്ട് അശ്വതിയുടെ അമ്മ ശാരികയുടെ കണ്ണുകൾ നിറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |