കൊച്ചി: മുൻ ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ ജലന്ധർ സ്വദേശി സ്നിഗ്ദ്ധകുമാറും (31) പൊലീസ് ഡ്രൈവർ തിരുവനന്തപുരം മണ്ണൂർക്കരയിലെ ഗവാസ്കറും (43) തമ്മിലുള്ള കേസ് വീണ്ടും സജീവമാകുന്നു. ഗവാസ്കർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കൈയിൽ കടന്നുപിടിച്ചെന്നും ആരോപിക്കുന്ന കേസിൽ സ്നിഗ്ദ്ധ നൽകിയ മൊഴിയുടെ പകർപ്പ് കൈമാറാൻ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.
തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ റഫർ റിപ്പോർട്ടിനെ എതിർത്ത് ഹർജി നൽകാനാണ് 164 പ്രകാരം താൻ നൽകിയ മൊഴിയുടെ പകർപ്പ് സ്നിഗ്ദ്ധ ആവശ്യപ്പെട്ടത്. മജിസ്ട്രേട്ട് കോടതി ആവശ്യം തള്ളിയതിനാൽ സ്നിഗ്ദ്ധ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്ട്രേട്ട് കോടതിയുടെ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സി. ജയചന്ദ്രൻ, മൊഴിപ്പകർപ്പ് ഹർജിക്കാരിക്ക് കൈമാറാൻ നിർദ്ദേശിച്ചു.
അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുതിയ തെളിവുകൾ കിട്ടിയാൽ തുടരാമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് മജിസ്ട്രേട്ട് കോടതി സ്നിഗ്ദ്ധയുടെ ആവശ്യം തള്ളിയത്. എന്നാൽ അന്തിമ റഫർ റിപ്പോർട്ട് സമർപ്പിച്ച കേസിൽ മജിസ്ട്രേട്ടിന്റെ വിലയിരുത്തൽ ശരിയായില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസുകളിൽ മതിയായ കാരണം ബോധിപ്പിച്ചാൽ അപരിചിതർക്കുപോലും പകർപ്പ് കൈമാറാവുന്നതാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
കേസും എതിർ കേസും
2018 ജൂൺ 18ന് കനകക്കുന്നിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സർവീസിലുണ്ടായിരുന്ന സുദേഷ്‌കുമാറിന്റെ വാഹനത്തിൽ സ്നിഗ്ദ്ധയെ ഗവാസ്കർ പ്രഭാത നടത്തത്തിനായി എത്തിച്ചു. അവിടെ വച്ചുണ്ടായ തർക്കത്തിനിടെ യുവതി ഗവാസ്കറെ മർദ്ദിച്ചെന്നാണ് പ്രധാന കേസ്. തന്നെപ്പറ്റി പലരോടും പരാതി പറഞ്ഞെന്ന ധാരണയിലായിരുന്നു അത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഗവാസ്കർക്ക് മാസങ്ങളോളം ചികിത്സ വേണ്ടിവന്നു. ഗവാസ്കറിനെതിരെ സ്നിഗ്ദ്ധ തിരിച്ചും പരാതി നൽകി.
അന്വേഷണം അഞ്ചര വർഷം ഇഴഞ്ഞു. ഹൈക്കോടതി ഇടപെടലിനെതുടർന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്നിഗ്ദ്ധയ്ക്കെതിരായ കുറ്റം നിലനിൽക്കുമെന്നായിരുന്നു കണ്ടെത്തൽ. തെളിവ് ലഭിക്കാത്തതിനാൽ ഗവാസ്കറിനെതിരായ കേസ് അവസാനിപ്പിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് പുതിയ ഹർജി നൽകാൻ യുവതി തീരുമാനിച്ചതും മൊഴിപ്പകർപ്പ് തേടിയതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |