അപ്പീൽ ഇന്നത്തേക്കു മാറ്റി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമനടക്കം നാല് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. അഞ്ച് വർഷം തടവിന് ശിക്ഷിച്ച പ്രത്യേക സി.ബി.ഐ കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യം. കുഞ്ഞിരാമന് പുറമെ കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവരാണ് ഹർജിക്കാർ.
സി.ബി.ഐ കോടതിയുടെ വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നും ഊഹങ്ങളെ ആശ്രയിച്ചാണ് വിധി പറഞ്ഞതെന്നും പ്രതികൾ വാദിക്കുന്നു. രണ്ടാം പ്രതി സജി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചെന്നതാണ് കുറ്റം. എന്നാൽ പറയപ്പെടുന്ന തീയതിയിൽ സജിയെ പ്രതി ചേർത്തിരുന്നില്ല. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി പറയുന്ന എസ്.ഐയും എ.എസ്.ഐയും യഥാർത്ഥത്തിൽ ബേക്കൽ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നെന്ന് ജനറൽ ഡയറിയിൽ നിന്ന് വ്യക്തമാണ്. അന്തിമ റിപ്പോർട്ടിൽ സി.ബി.ഐ ഈ രേഖകൾ മറച്ചുവച്ചു. സ്വതന്ത്ര സാക്ഷിയെന്ന് പറയുന്ന മാദ്ധ്യമ പ്രവർത്തകന് കോൺഗ്രസ് ബന്ധമുണ്ട്. സി.ബി.ഐയും സ്ഥാപിതതാത്പര്യത്തോടെയാണ് ഇടപെട്ടത്. വസ്തുതകൾ പരിശോധിക്കുമ്പോൾ തങ്ങൾ നിരപരാധികളെന്ന് ബോദ്ധ്യപ്പെടുമെന്നും ശിക്ഷ റദ്ദാക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |