തളിപ്പറമ്പ്: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ പിതാവിന് രണ്ടു വകുപ്പുകളിലായി മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പോക്സോ കോടതി ജഡ്‌ജി ആർ.രാജേഷ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി 15 ലക്ഷം രൂപ പിഴയൊടുക്കണമെന്നും വിധി പ്രസ്താവത്തിലുണ്ട്.
13കാരിയായ മകൾ 2019 മുതൽ പിതാവിൽ നിന്നുണ്ടായ പീഡനത്തിനൊടുവിൽ ഗർഭിണിയായ കേസിലാണ് ശിക്ഷ വിധിച്ചത്. വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോഴാണ് മകളെ പീഡിപ്പിച്ചത്. പെൺകുട്ടി തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന് മനസിലായത്.
ബന്ധുവും അയൽവാസിയുമായ 15 കാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. മൊഴിയിൽ സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനു പിന്നിൽ പെൺകുട്ടിയുടെ പിതാവാണെന്ന വിവരം ലഭിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. അവധി കഴിഞ്ഞ് പിതാവ് വിദേശത്തേക്ക് മടങ്ങിയതിനു ശേഷമായിരുന്നു ഈ സംഭവവികാസങ്ങളെല്ലാം. പൊലീസ് ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ കഴിഞ്ഞ ജൂലായിലാണ് കോടതി വിധി പറയാനിരുന്നത്. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ പിടികൂടി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയതോടെയാണ് വിധി പ്രസ്താവത്തിന് അവസരമൊരുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |