
നെടുമ്പാശേരി: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിൽ നിന്ന് ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിലായി. ഇടപ്പള്ളിയിൽ ഒന്നിച്ച് വാടകയ്‌ക്ക് താമസിക്കുന്ന ആലുവ സ്വദേശി ആസിഫ് അലി (26),കൊല്ലം സ്വദേശി ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ബംഗളൂരുവിൽ നിന്നു വന്ന ടൂറിസ്റ്റ് ബസ് ഇന്നലെ പുലർച്ചെ ദേശീയപാതയിൽ കരിയാട് വാപ്പാലശേരിക്ക് സമീപം തടഞ്ഞുനിറുത്തിയാണ് പ്രതികളെ പിടികൂടിയത്. 100 ഗ്രാം മയക്കുമരുന്ന് യുവതിയുടെ പാന്റിന്റെ അകത്തെ പോക്കറ്റിലൊളിപ്പിച്ച നിലയിലായിരുന്നു. 5,10 ഗ്രാം പായ്‌ക്കറ്റുകളിലാക്കി കേരളത്തിൽ വില്പന നടത്തുകയാണ് പതിവ്.
രാസലഹരിക്കുള്ള പണം സി.ഡി.എമ്മിലൂടെ ബംഗളൂരുവിലെ മാഫിയാ സംഘത്തിന് കൈമാറും. അവർ ആളൊഴിഞ്ഞ ഭാഗത്ത് മയക്കുമരുന്ന് കൊണ്ടുവന്നു വച്ച ശേഷം ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്നെടുത്ത് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് കടത്തുകയാണ് രീതി.
ഡാൻസാഫ് ടീമിനു പുറമെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി.ഷംസ്,ആലുവ ഡിവൈ.എസ്.പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം.എ.എസ്.സാബുജി,എസ്.ഐ എ.സി.ബിജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഇരുവരും പരിചയപ്പെട്ടത്
ഇൻസ്റ്റഗ്രാം വഴി
വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡിംഗ് ചെയ്തിരുന്ന ആഞ്ജല ഇൻസ്റ്റഗ്രാമിലൂടെയാണ് ആസിഫ് അലിയെ പരിചയപ്പെടുന്നത്. തുടർന്ന് കൊച്ചിയിൽ ലിവിംഗ് ടുഗതറായി കഴിയുകയായിരുന്നു. പിന്നാലെ, മയക്കുമരുന്നു കടത്തിനും ആഞ്ജലയെ ആസിഫ് ഒപ്പം കൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |