SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

കശുവണ്ടി മേഖല തകർച്ചയിൽ; പൂട്ടിയ ഫാക്ടറികൾ തുറന്നു പ്രവർത്തിക്കണം

kashuandi-factory

കല്ലമ്പലം: കശുവണ്ടി മേഖല തകർച്ചയുടെ വക്കിൽ. പൂട്ടിയ ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യം ശക്തം. കശുവണ്ടി ഫാക്ടറികളുടെ ഈറ്റില്ലം കൊല്ലം ജില്ലയാണെങ്കിലും തൊട്ടടുത്ത ജില്ലയായ തിരുവനന്തപുരത്തെ കല്ലമ്പലം മേഖലയിലും കശുവണ്ടി ഫാക്ടറികൾ ധാരാളമാണ്. എന്നാൽ ഇതിൽ ഭൂരിഭാഗവും പൂട്ടിയ നിലയിലാണിന്ന്. സാധാരണക്കാരിൽ സാധാരണക്കാരായ നാട്ടിൻപുറത്തെ സ്ത്രീകളുടെ പ്രധാന വരുമാന മാർഗം കശുവണ്ടി മേഖലയായിരുന്നു. 10 ശതമാനത്തോളം ഫാക്ടറികളാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. ഇവിടെ ജോലി ചെയ്യാൻ കൂടുതൽ പേരെത്തുന്നുണ്ടെങ്കിലും എല്ലാവർക്കും ജോലി നൽകാനുള്ള സൗകര്യമില്ലാത്തതോടെ പരിമിതമായ ആളുകളെ മാത്രമുൾപ്പെടുത്തിയാണ് തുറന്നിരിക്കുന്ന വിരലിലെണ്ണാവുന്ന ചില ഫാക്ടറികൾ പ്രവർത്തിക്കുന്നത്. കിളിമാനൂർ, പള്ളിക്കൽ, മടവൂർ, നാവായിക്കുളം, കല്ലമ്പലം പ്രദേശങ്ങളിലാണ് പ്രധാനമായും കശുവണ്ടി ഫാക്ടറികൾ പ്രവർത്തിച്ചിരുന്നത്. ജില്ലയുടെ വടക്കൻ മേഖലയിലാകെ 91 കശുവണ്ടി ഫാക്ടറികൾ നേരത്തെ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ 15ൽ താഴെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് ഔദ്യോഗികകണക്ക്. ഒരുകാലത്ത് സർക്കാർ മേഖലയിൽ കശുവണ്ടി കോർപ്പറേഷന് കീഴിലാണ് ഏറെയും പ്രവർത്തിച്ചിരുന്നത്. എന്നാലിപ്പോൾ കെ.എസ്.ഡി.സിക്ക് കീഴിലും കാപെക്സിന് കീഴിലുമാണ് രണ്ട്‌ ഫാക്ടറികൾ പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ സ്വകാര്യമേഖലയിലാണ്.

തൊഴിൽശാലകൾ പൂട്ടാൻ പ്രധാന കാരണങ്ങൾ

പ്രാദേശിക കശുവണ്ടി ഉത്പാദനത്തിൽ വന്ന ഗണ്യമായ കുറവ്

തോട്ടണ്ടിയുടെ വില കൂടി

തൊഴിലാളികൾ 400 മുതൽ 550 വരെ

ഫാക്ടറികളിൽ തോട്ടണ്ടി വറുക്കൽ ജോലികളിൽ ഏർപ്പെട്ടിരുന്നത് പ്രധാനമായും പുരുഷന്മാരാണ്. തോട്ടണ്ടി തല്ലൽ, പീലിംഗ്,​പാസിംഗ് (തരംതിരിക്കൽ) ജോലികളിൽ സ്ത്രീകളാണ് ഏർപ്പെട്ടിരുന്നത്. മിക്ക ഫാക്ടറികളിലും 400 മുതൽ 550 തൊഴിലാളികൾ പണിയെടുത്തിരുന്നു. പ്രധാന അവധി ദിവസങ്ങളും ഞായറാഴ്ചകളും ഒഴികെ വർഷത്തിൽ മുഴുവൻ ദിവസങ്ങളിലും പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ പലതും പൂട്ടിയിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാലും മിക്ക ഫാക്ടറികളും നിലംപൊത്തിയ അവസ്ഥയിലുമാണ്.

പ്രതീക്ഷയിൽ ചിലർ

നാവായിക്കുളത്ത് ഇരുപത്തെട്ടാംമൈൽ, കല്ലമ്പലം, നാവായിക്കുളം ക്ഷേത്രത്തിന് സമീപം വെള്ളൂർക്കോണം അടക്കമുള്ള ഫാക്ടറികളിലേറെയും അടച്ചിട്ടിരിക്കുകയാണ്. ഇവയിൽ മിക്കതും പൊളിഞ്ഞുവീണു. ഒന്നിനു പിറകെ ഒന്നായി ഫാക്ടറികൾ പൂട്ടിയതോടെ തൊഴിലാളികളിലേറെ പേരുടെയും ഉപജീവനമാർഗമില്ലാതെയായി. വർഷങ്ങളായി പകലന്തിയോളം ഫാക്ടറികളിൽ കുനിഞ്ഞിരുന്ന് ജോലി ചെയ്തവർക്കേറെയും നടുവേദന അടക്കമുള്ള രോഗങ്ങൾ പിടിപെട്ടു. കുറച്ചുപേർ തൊഴിലുറപ്പ് പോലുള്ള മറ്റു ജോലികൾ തേടി. എന്നാൽ ഇതിൽപ്പെടാതെ തങ്ങളുടെ ഫാക്ടറികൾ തുറക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL