വാമനപുരം: വേനലെത്തും മുമ്പേ ജലസംഭരണികളിലെയും നദികളിലെയും നീരൊഴുക്ക് കുറഞ്ഞുതുടങ്ങി. കഴിഞ്ഞവർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു വരൾച്ചയെങ്കിൽ ഇപ്പോൾ ജനുവരിയുടെ ആരംഭത്തിൽ തന്നെ നദികളിലെയും പുഴകളിലെയും കിണറുകളിലെയും ജലം വറ്റിത്തുടങ്ങി. ഇങ്ങനെ പോയാൽ വാമനപുരം നദിയിലും ചിറ്റാറിലും ജലമൊഴുക്ക് കുറഞ്ഞ് ഇരുനദികളെയും ആശ്രയിച്ചുള്ള ഒരു ഡസനിലേറെ വരുന്ന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. വാമനപുരം നദിയെ ആശ്രയിച്ച് ആനാക്കുടി, കാരേറ്റ്, കിളിമാനൂർ, നഗരൂർ, അയിലം, വക്കം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, ആറ്റിങ്ങൽ, കട്ടപ്പറമ്പ്, കിഴുവിലം ഭാഗങ്ങളിൽ നിരവധി കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകൾ നിർമ്മിക്കാത്തതിനാൽ വേനൽക്കാലത്ത് വെള്ളം സംഭരിച്ച് നിറുത്തി ജലവിതരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കരമന, അരുവിക്കര, നെയ്യാർ നദികളിൽ ഒരു ഡാമെങ്കിലും ഉള്ളപ്പോൾ ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട് താലൂക്കുകൾ വെള്ളത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയിൽ ഒരു മിനി ഡാം പോലുമില്ല. തടയണ നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
തടയണകൾ അത്യാവശ്യം
വാമനപുരം നദിയിൽ പൂവൻപാറയിൽ തടയണയുണ്ടെങ്കിലും അത് കായലിലെ ഉപ്പുവെള്ളം കയറാതിരിക്കാൻ വേണ്ടിയുള്ളതാണ്. ഓരോ തവണയും വാട്ടർഅതോറിട്ടി തടയണയ്ക്കു വേണ്ടി പ്രപ്പോസൽ വയ്ക്കുമെങ്കിലും ഇറിഗേഷൻ വിഭാഗമത് നിരസിക്കുകയും താത്കാലിക തടയണ നിർമ്മിക്കാൻ അനുവദിക്കുകയും മഴക്കാലമാകുമ്പോൾ നീരൊഴുക്കിന് തടസമുണ്ടാകാതിരിക്കാൻ പൊളിച്ചുമാറ്റാൻ ഉത്തരവിറക്കുകയുമാണ് പതിവെന്ന ആക്ഷേപമുണ്ട്. ഇത്തരത്തിൽ താത്കാലിക തടയണ നിർമ്മിക്കുന്നതിനായി ലക്ഷങ്ങൾ ചെലവ് വരും. സ്ഥിരമായി തടയണകൾ നിർമ്മിച്ചാൽ ജലക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
സമഗ്ര ശുദ്ധജല വിതരണ പദ്ധതി
കിളിമാനൂർ,പഴയകുന്നുമ്മേൽ,മടവൂർ പഞ്ചായത്തുകൾക്കായി നടപ്പാക്കിയ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയും ജലക്ഷാമത്തെ തുടർന്ന് തടസപ്പെടുന്ന അവസ്ഥയിലാണ്. കാരേറ്റ് വാമനപുരം നദിയിൽ നിന്നാണ് ഈ പദ്ധതിയിലേക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ നദിയിലെ ഒഴുക്ക് നിലയ്ക്കുന്നതോടെ സമീപഭാവിയിൽ പദ്ധതിയുടെ പ്രവർത്തനം മുടങ്ങാനിടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |