തിരുവനന്തപുരം: നിക്ഷേപിച്ച പണം മടക്കി നൽകുന്നില്ലെന്നാരോപിച്ച് ഫോർട്ട് ഗേൾസ് ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന
ഡിസ്ടിക്ട് കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ പരാതിയുമായി നിക്ഷേപകർ.
നൂറിലധികം നിക്ഷേപകരും 25 കോടിയിലധികം നിക്ഷേപവുമുള്ള ഇവിടെ കഴിഞ്ഞ മൂന്നു വർഷമായി നിക്ഷേപകർക്ക് മുതലും പലിശയും നൽകാതെ സംഘം പ്രസിഡന്റ് പ്രസന്നകുമാർ,സെക്രട്ടറി ഇൻചാർജ് രേഖ,ബോർഡ് മെമ്പർമാർ എന്നിവർ ചേർന്ന് കബളിപ്പിക്കുകയാണെന്നാണ് പരാതി. ഇതുസംബന്ധിച്ച് മാസങ്ങൾ മുൻപ് നിക്ഷേപകർ ഫോർട്ട് പൊലീസിലും പിന്നീട് മുഖ്യമന്ത്രി,സിറ്റി പൊലീസ് കമ്മിഷണർ,രജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.
പരാതിയെ തുടർന്ന് സംഘം അധികൃതരെ ഫോർട്ട് പൊലീസ് വിളിപ്പിച്ചപ്പോൾ പണം ഉടൻ തിരിച്ചുനൽകുമെന്ന് പ്രസിഡന്റ് പ്രസന്നകുമാർ പറഞ്ഞതായി നിക്ഷേപകർ പറയുന്നു. എന്നാൽ ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് ചില്ലിക്കാശ് പോലും നൽകാതെ സംഘം പ്രസിഡന്റും ബോർഡ് അംഗങ്ങളും പരസ്പരം ജാമ്യം നിന്ന് കോടികൾ ലോണെടുത്ത് നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് പറയുന്നത്. 1.10 കോടി നിക്ഷേപിച്ച പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത നാലംഗ ഡോക്ടേഴ്സ് കുടുംബം ഭരണസമിതിക്കെതിരെ ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുകയാണ്. 15 ലക്ഷം മുതൽ 1.5 കോടി നിക്ഷേപിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |