കഴക്കൂട്ടം: കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെയാണ് (30) ചൊവ്വാഴ്ച രാവിലെ 11.30ന് ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നോ നാളെയോ പ്രതിയെ പിടികൂടാനാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് കരച്ചിലോ നിലവിളിയോ പുറത്ത് വരാത്തവിധം യുവതിയെ കൊന്നുതള്ളിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.
റെയിൽവേ സ്റ്റേഷനുകളിലടക്കം പൊലീസ് നടത്തിയ പരിശോധനയ്‌ക്കിടെ പ്രതി സഞ്ചരിച്ചിരുന്ന യുവതിയുടെ സ്‌കൂട്ടർ ചൊവ്വാഴ്ച രാത്രിയോടെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ മുറിയെടുത്ത് താമസിച്ചിരുന്ന പെരുമാതുറയിലെ ലോഡ്‌ജിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതി പെട്ടെന്ന് കഠിനംകുളത്തെത്തി കൊലപാതകം നടത്തിയതാകാൻ വഴിയില്ലെന്ന അനുമാനത്തിലാണ് പൊലീസ്.
പ്രതി ദിവസങ്ങൾക്കു മുമ്പ് പെരുമാതുറയിലെത്തിയെന്നും കൊലപാതകം നടന്ന വീട്ടിൽ വന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പൂർണമായി ഉറപ്പിച്ചിട്ടില്ലെങ്കിലും പ്രതിയെന്ന് സംശയിക്കുന്ന ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ പൂർണവിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കഠിനംകുളത്തെ വീട്ടിലെത്തിച്ചു. തുടർന്ന് യുവതിയുടെ വെഞ്ഞാറമൂട് അലിയാടുള്ള വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
റൂറൽ എസ്.പി സന്ദർശിച്ചു
തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുധർശൻ ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെ ഫോറൻസിക് വിഭാഗം വീണ്ടും പരിശോധിച്ചു.
മരണകാരണം കഴുത്തിലെ മുറിവ്
കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിൽ മറ്റ് മുറിവുകൾ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. പുറത്തുനിന്ന് കൊണ്ടുവന്ന കത്തിയായതിനാൽ കരുതിക്കൂട്ടിയുള്ള കൊലപാതകമാകാനാണ് സാദ്ധ്യത. കത്തി മൃതദേഹത്തിനടുത്തു നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കായി നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും ഡാൻസാഫ് സംഘവും കഠിനംകുളം,ചിറയിൻകീഴ് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിക്കായി തെരച്ചിൽ നടത്തുന്നത്.
ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും
യുവതിയുടെ ഭർത്താവ് രാജീവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇയാൾ പറയുന്നതിൽ ചില പൊരുത്തക്കേടുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് 11.30ഓടെ മടങ്ങിയെത്തിയപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |