SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

പരോളിലിറങ്ങി മുങ്ങി 34 വർഷത്തിന് ശേഷമെത്തിയ സംഭവം: പ്രതിയെ തിരിച്ചറിയാൻ ശ്രമം തുടങ്ങി

കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് 34 വർഷങ്ങൾക്ക് മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതി ഭാസ്‌കരനാണെന്ന് പറഞ്ഞെത്തിയ ആളെ തിരുവനന്തപുരം സെൻട്രൽ ജയിലേയ്ക്ക് മാറ്റി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലെത്തിയത്.

ജയിൽ അധികൃതർ പൊലീസ് സ്റ്റേഷനുകളിൽ ഇയാളെ തിരിച്ചറിയുന്നതിനായി റിപ്പോർട്ട് തേടുകയായിരുന്നു. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി മുങ്ങിയത് ഇയാളാണോ എന്ന് ബോദ്ധ്യപ്പെട്ടശേഷമായിരിക്കും തുടർ നടപടി ഉണ്ടാകുകയെന്ന് ജയിൽ അധികൃതർ പറഞ്ഞു. അതുവരെ ഇയാളെ സെൻട്രൽ ജയിലിൽ പാർപ്പിക്കും. സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്‌കരൻ 1991ലാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിലെത്തുന്നത്.

തുടർന്ന് ആദ്യ പരോളിലിറങ്ങി മുങ്ങിയ ശേഷം കർണാടകത്തിലെത്തി വെട്ടുകല്ല് ക്വാറിയിൽ പണിയെടുത്തെന്നും വിവാഹിതനായെന്നും മൂന്ന് മക്കളുണ്ടെന്നും ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു. കുറച്ചുകാലം മുമ്പ് ഭാര്യ മരിക്കുകയും അസുഖബാധിതനാവുകയും ചെയ്‌തതോടെ ഒളിവുജീവിതം അവസാനിപ്പിച്ച് ജയിലിൽ കഴിയണമെന്ന ആഗ്രവുമായി എത്തിയതാണെന്നാണ് ഇയാൾ പറഞ്ഞത്. കർണാടകയിൽ നിന്ന് കല്ലിയൂരിലെ ബന്ധുവീട്ടിലെത്തിയശേഷമാണ് ജയിലിലെത്തിയത്.

എന്നാൽ 34 വർഷം മുമ്പ് മുങ്ങിയ ആൾ തന്നെയാണോ ഇപ്പോൾ തിരിച്ചെത്തിയതെന്ന് കണ്ടെത്താൻ ജയിൽ അധികൃതർക്കും വേണ്ട രേഖകളില്ലായിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയാക്കിയാൽ മാത്രമേ ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL