തിരുവനന്തപുരം: ദാരിദ്രരേഖക്ക് താഴെയുള്ള മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയ കേസിൽ മുൻ ഫിഷറീസ് ഇൻസ്‌പെക്ടർക്ക് അഞ്ച് വർഷം കഠിന തടവിനും 1.58ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. വർക്കല വെട്ടൂർ മത്സ്യഭവൻ ഓഫീസ് മുൻ ഫിഷറീസ് ഇൻസ്‌പെക്ടർ ബേബൻ ജെ. ഫെർണാണ്ടസിനെയാണ് വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്.
അർഹരായ മത്സ്യത്തൊഴിലാളികൾക്ക് മൂന്ന് ഗഡുവായി 35,000 രൂപ വീതമാണ് ഭവന നിർമ്മാണത്തിന് നൽകുന്നത്. ബേസ്‌മെന്റിന് 7,000വും ലിന്റിൽ കോൺക്രീറ്റിന് 18,000വും അവസാന ഘട്ടത്തിൽ 10,000 രൂപയും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് അർഹരായ മത്സ്യത്തൊഴിലാളികളുടെ ചെക്ക് ഒപ്പിട്ട് വാങ്ങിയശേഷം മത്സ്യഭവനിലെ രജിസ്റ്ററിൽ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ച് ചെക്ക് വിതരണം ചെയ്യുന്നതാണ് രീതി. എന്നാൽ പ്രതി തൊഴിലാളികൾക്കുള്ള ചെക്ക് വിതരണം ചെയ്തിരുന്നില്ല. ചെക്ക് കൃത്യമായി ലഭിക്കാതെ വീടുപണി മുടങ്ങിയവർ ഡയറക്ടർക്ക് പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ട്രഷറിയിൽ നിന്ന് ചെക്ക് മാറിപ്പോയിരുന്നതായി വിജിലൻസ് കണ്ടെത്തിയെങ്കിലും എപ്രകാരമാണ് മത്സ്യത്തൊഴിലാളികളുടെ പേരിലുള്ള ചെക്ക് പ്രതി മാറിയെടുത്തതെന്ന് കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിരുന്നില്ല. സർക്കാർ ഖജനാവിന് 1,50,000 രൂപ പ്രതി നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് കേസ്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |