SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

മൺപാത്രങ്ങളോട് പ്രിയമേറുന്നു

വെഞ്ഞാറമൂട്: മൺകപ്പിൽ ചായ, മൺചട്ടിയിൽ ചോറ്, മൺകുടത്തിൽ മോര് എന്നിങ്ങനെ കാലത്തിനനുസരിച്ച് കോലം മാറിയെത്തുകയാണ് കളിമൺ പാത്രങ്ങൾ. കറികളുടെ സ്വാദ് ചോർന്നു പോകാതിരിക്കാനും ആരോഗ്യകരമായ പാചകത്തിനും കളിമൺ ചട്ടിയാണ് ഉത്തമമെന്ന് തിരിച്ചറിഞ്ഞ് മൺചട്ടികൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഭസ്മചട്ടി മുതൽ വീട്ടിലെ അലങ്കാരവസ്തുക്കൾ വരെ കളിമണ്ണിൽ തീർക്കുന്നുണ്ട്. കുടവും കലവും കറിച്ചട്ടിയും ചെടിച്ചട്ടിയും മാത്രം നിർമ്മിച്ചിരുന്ന മൺപാത്ര വ്യവസായ വിപണന മേഖലയ്ക്ക് പുത്തൻ ഉണർവാണിത്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ ചെടിച്ചട്ടികളും ഡിന്നർ സെറ്റുകളും വിപണിയിൽ സജീവമാണ്. സ്റ്റുഡിയോകളിൽ കല്യാണങ്ങൾക്കായി വധൂവരൻമാരുടെയും ബർത്ത്ഡേ പാർട്ടികളിൽ മൺകപ്പിൽ ഫോട്ടോ പതിപ്പിച്ചും കൊടുക്കുന്നുണ്ട്. പുതിയ വീടുകൾ നിർമ്മിക്കുന്നവരാണ് ഇത്തരം ഉത്പന്നങ്ങളുടെ ആവശ്യക്കാർ. നിറയെ പാടങ്ങളും കളിമണ്ണ് ശേഖരവുമുണ്ടായിരുന്ന ഗ്രാമങ്ങളിൽ മുൻകാലങ്ങളിൽ കളിമണ്ണ് സുലഭമായിരുന്നു. ഇപ്പോഴും മണ്ണ് കിട്ടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അവയിൽ തൊടുന്നതിന് ശക്തമായ വിലക്കുകളാണ്. കാലങ്ങളായി കളിമണ്ണ് ശേഖരിച്ചിരുന്ന ഇടങ്ങളിൽ നിന്നുപോലും മണ്ണെടുക്കാനിപ്പോൾ അനുമതിയില്ല.

കളിമണ്ണ് ലഭ്യതക്കുറവ്

കളിമൺ പാത്രങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കളിമണ്ണ് കിട്ടാത്തതിൽ വലഞ്ഞിരിക്കുകയാണ് നിർമ്മാണത്തൊഴിലാളികൾ. ഒരു ലോഡ് കളിമണ്ണിന് പതിനായിരത്തോളം രൂപ വരും. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കളിമണ്ണെത്തുന്നത്. മണ്ണ് വാങ്ങി നിർമ്മിച്ച് മാർക്കറ്റിൽ വിൽക്കുമ്പോൾ അദ്ധ്വാനം മാത്രം ബാക്കിയാവുകയാണെന്നും നിത്യചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പരാതിപ്പെട്ടു.

കളിമൺ ഖനനത്തിന് നിയന്ത്രണം

റവന്യൂ വകുപ്പും ജിയോളജി വകുപ്പും പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിലാണ് കളിമൺ ഖനനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കളിമൺ വ്യവസായത്തെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ വഴിയാധാരമാകുമെന്ന് തൊഴിലാളികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL