ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒരാഴ്ചയായി വെള്ളമില്ല. ഈ മാസം 15മുതലാണ് ഡിപ്പോയിൽ വെള്ളമില്ലാതായതെങ്കിലും ഇതേവരെ ബദൽ സംവിധാനം ഒരുക്കുന്നതിന് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വെള്ളമില്ലാതായതോടെ ഡ്യൂട്ടിക്ക് പോകുന്നതിനായി തലേദിവസം ഡിപ്പോയിലെത്തുന്ന ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയുന്നില്ല. ഡിപ്പോകളിൽ ജീവനക്കാരുടെ പ്രാഥമികകാര്യങ്ങൾക്ക് വീഴ്ച സംഭവിച്ചാൽ പൊതുകമ്മിറ്റി വിളിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ്. കുടിവെള്ള പ്രശ്നം രൂക്ഷമായവിവരം ട്രാൻസ്പോർട്ട് ഭവനിൽ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
കൊട്ടാരക്കര,കോഴിക്കോട് സ്ഥലങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർ വെള്ളമില്ലാതായതോടെ ബുദ്ധിമുട്ടുകയാണ്.പല ജീവനക്കാരും കുളിക്കുന്നതിനും, യൂണിഫോം അലക്കുന്നതിനും കരമനയാറ്റിലാണ് പോകുന്നത്. പുലർച്ചെ ആറ്റിലിറങ്ങുന്നത് അപകടകരമാണ്. വേനൽ കടുത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് അധികൃതർ.
ഡിപ്പോയിൽ വാട്ടർ കണക്ഷനില്ല
ആര്യനാട് ഡിപ്പോയിൽ 4 കെട്ടിടങ്ങളിലായി 5 ബാത്ത്റൂമുകളാണുള്ളത്. ഇവിടെ വാട്ടർ കണക്ഷനില്ല. കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ഇരുനില കെട്ടിടങ്ങളുടെ മുകളിൽ വെള്ളം എത്തിക്കുന്നത്.ഇതിനിടെ സി.ഐ.ടി.യു യൂണിയൻ ഭാരവാഹികൾ ഒരു മോട്ടോർ വാടകയ്ക്കെടുത്ത് താത്കാലികമായി വെളളം ലഭ്യമാക്കിയെങ്കിലും ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധമുണ്ട്. ചീഫ് ഓഫീസിലെ വെൽഫെയർ ഓഫീസറെ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും ജീവനക്കാർ പറയുന്നു.
അടിയന്തരമായി നടപടിയെടുക്കണം
വെള്ളം ആവശ്യത്തിന് ലഭ്യമാക്കിയില്ലെങ്കിൽ ഞങ്ങളെ നാട്ടിലുള്ള ഡിപ്പോകളിലേക്ക് മാറ്റം നൽകണമെന്നാണ് മറ്റ് ജില്ലകളിലുള്ളവർ പറയുന്നത്. ഒരു ദിവസം 14ഉം 16ഉം മണിക്കൂർ പണിയെടുക്കുന്നവർ അന്തരീക്ഷ ചൂടും, ബസിലെ എൻജിൻ ചൂടും അനുഭവിച്ച് കുളിക്കാനെത്തുമ്പോൾ വെള്ളം കാണില്ല. മോട്ടോറിന്റെ തകരാർ പരിഹരിച്ച് അടിയന്തരമായി ഡിപ്പോയിൽ വെള്ളം എത്തിക്കണമെന്ന് കെ.എസ്.ആർ.ടി ഇ.എ(സി.ഐ.ടി.യു) ആര്യനാട് യൂണിറ്റ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |