SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

അനധികൃത പന്നിഫാമുകൾ ദുരിതം വിതയ്ക്കുന്നു

photo1

പാലോട്: പെരിങ്ങമ്മല,നന്ദിയോട്,ഭരതന്നൂർ പ്രദേശങ്ങളിലെ അനധികൃത പന്നിഫാമുകൾ നാട്ടുകാർക്ക് ദുരിതമാകുന്നു. മൂന്നു പഞ്ചായത്തുകളിലായി പത്തിലധികം പന്നിഫാമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയിൽ പലതിനും ലൈസൻസില്ല. കാട്ടാക്കട മേഖലകളിൽ ജനകീയ സമരങ്ങൾ നടത്തി പൂട്ടിയ പന്നിഫാമുകളാണ് അവിടുന്ന് മാറ്റി പാലോട് മേഖലയിലേക്ക് കൊണ്ടുവന്നത്. മിക്ക പന്നിഫാമുകളും വനമേഖലയോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. മാലിന്യം തള്ളാനുള്ള എളുപ്പമാർഗം വനമേഖലയാണെന്ന് കണ്ടെത്തിയാണ് ഫാമുകളുടെ പ്രവർത്തനം. ഇടയ്ക്ക് വനംവകുപ്പ് ഇടപെട്ട് നന്ദിയോട് പഞ്ചായത്തിലെ ചെക്കോണം ബീറ്റിലെ പന്നിഫാം പൂട്ടിച്ചിരുന്നു. എന്നാൽ ഇതേ മേഖലയിൽ അനധികൃതമായി മറ്റു ചില സ്ഥലങ്ങളിലും പന്നിഫാം പ്രവർത്തിക്കുന്നുണ്ട്.

ലൈസൻസില്ലാതെ

കരിപ്പമല,നീർപ്പാറ എന്നിവിടങ്ങളിലും ഫാമുകളുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ സൂര്യകാന്തിയിൽ പ്രവർത്തിക്കുന്ന പന്നിഫാമിനും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ലഭിച്ചിട്ടില്ല.
പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ, ചെമ്പൻകോടിന് സമീപമുള്ള പന്നിഫാമിലേക്ക് പോകാനുള്ള വഴി വനത്തിനകത്തുകൂടിയാണ്. ഈ വഴിയിലൂടെ വാഹനങ്ങൾക്ക് പോകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വനംവകുപ്പ് അധികൃതർക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. വനത്തിനകത്ത് അനധികൃതമായി വാഹനങ്ങൾ പ്രവേശിച്ചാൽ വനസമ്പത്ത് ചൂഷണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ആവശ്യം പാലോട് റെയ്ഞ്ച് ഓഫീസർ നിരസിച്ചു.

അനധികൃത പ്രവർത്തനവും

കാട്ടുമൃഗങ്ങളുടെ വേട്ടയ്ക്ക് പേരുകേട്ട പ്രദേശമാണ് ചെമ്പൻകോട്. മുൻപും നിരവധി കേസുകൾ ഈ മേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വനമേഖലയോട് ചേർന്നു പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമുകൾക്ക് കടിഞ്ഞാണിടുന്നതിനായി വനംവകുപ്പ് പാലോട് റെയിഞ്ച് ഓഫീസർ സുധീഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ തടയിടാനായി ഗ്രാമപഞ്ചായത്തുകൾ സജീവമായി രംഗത്തുണ്ട്. പഞ്ചായത്തിന്റെ ഒത്താശയോടെയാണ് മിക്ക പന്നിഫാമുകളും അനധികൃതമായി പ്രവർത്തിക്കുന്നത്.

മാലിന്യനിക്ഷേപവും

പന്നിഫാമിൽ നിന്നുള്ള മാലിന്യങ്ങൾ സമീപപ്രദേശത്ത് തള്ളുന്നതിനാൽ നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. കോഴിമാലിന്യം ഉൾപ്പെടെയാണ് പുറത്തേക്ക് തള്ളുന്നത്. ഇതുകഴിക്കാനായി കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കൊല്ലായിൽ കുളത്തറ കൈതയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി ആരംഭിച്ച പന്നിഫാമിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

മാലിന്യങ്ങൾ വാമനപുരം നദിയിലേക്കിടുന്നു

പന്നിഫാമിൽ നിന്നുള്ള മലിനജലം വനത്തിൽനിന്നും ആരംഭിക്കുന്ന ചെറുതോടുകളിലൂടെ ഒഴുക്കി വിടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇത് വാമനപുരം നദിയിലേക്കാണ് ചെല്ലുന്നത്. കൂടാതെ സെപ്ടിക് ടാങ്കിൽ നിന്നുള്ള മലിനജലവും ഇതേ നദിയിലാണ് ഒഴുക്കുന്നത്. ഹോട്ടൽ വേസ്റ്റിൽ നിന്നുള്ള ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. അധികാരികളുടെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL