വിതുര: യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനും കളക്ഷൻ വർദ്ധിപ്പിക്കുന്നതിനുമായി വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യവാരം മുതൽ പുതിയ രണ്ട് ദീർഘദൂര സൂപ്പർഫാസ്റ്റ് സർവീസുകൾ ഓടിത്തുടങ്ങും. സർവീസുകൾ മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ കൂടുതൽ ദീർഘദൂരസർവീസുകളും പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചും പുതിയസർവീസുകൾ ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലൂടെ വിതുരയെ ടൂറിസം ഹബാക്കുവാനാണ് തീരുമാനം. വിതുര കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയുടെ ശോച്യാവസ്ഥയും യാത്രാദുരിതവും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ നെടുമങ്ങാട് വിതുര റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷമാണ്. വേണ്ടത്ര സർവീസുകളില്ലാത്തതിനാൽ വിദ്യാർത്ഥിസമൂഹം വരെ ബുദ്ധിമുട്ടിലാണ്. വൈകുന്നേരങ്ങളിൽ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും ബസ് കയറണമെങ്കിൽ ഇടിയും തൊഴിയും കൊള്ളേണ്ട അവസ്ഥയാണ്. മാത്രമല്ല കൃത്യസമയങ്ങളിൽ ബസ് ലഭിക്കാറുമില്ല. വിതുര നെടുമങ്ങാട് റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ ചെയിൻ സർവീസ് ആരംഭിക്കണമെന്നും കൊവിഡുകാലത്ത് നിറുത്തലാക്കിയ സർവീസുകൾ പുനഃരാരംഭിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ഗുരുവായൂർ സർവീസ്
രാവിലെ വിതുര ഐസറിൽ നിന്നാരംഭിച്ച് വിതുര,നെടുമങ്ങാട്,വെഞ്ഞാറമൂട്,ആറ്റിങ്ങൽ,കൊല്ലം,കരുനാഗപ്പള്ളി,ഓച്ചിറ,കായംകുളം,ഹരിപ്പാട്,അമ്പലപ്പുഴ,ആലപ്പുഴ,ചേർത്തല,വൈറ്റില,അങ്കമാലി,ചാലക്കുടി,തൃശൂർ വഴി ഗുരുവായൂരിലെത്തും.
എറണാകുളം സർവീസ്
വിതുര,തെന്നൂർ,പാലോട്,മടത്തറ,കടയ്ക്കൽ,നിലമേൽ,ആയൂർ,കൊട്ടാരക്കര,പുത്തൂർ,ഭരണിക്കാവ്,ശാസ്താംകോട്ട,കരുനാഗപ്പള്ളി,ഓച്ചിറ,കായംകുളം,ഹരിപ്പാട്,അമ്പലപ്പുഴ,ആലപ്പുഴ,ചേർത്തല,തോപ്പുംപടി വഴി എറണാകുളത്തെത്തും.
ഡ്രൈവിംഗ് സ്കൂൾ
കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനായി കെ.എസ്.ആർ.ടി.സി വിതുര ഡിപ്പോയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കും. ഫെബ്രുവരി 3ന് വൈകിട്ട് 4 ന് മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ ആദ്യ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളാണ് വിതുരയിൽ ആരംഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |