
വെള്ളറട: ശാഖകുമാരിയെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര അഡിഷണൽ ജില്ല കോടതി ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഷാരോൺ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും നിർണ്ണായക വിധി പ്രഖ്യാപിച്ച ജില്ല ജഡ്ജി എ. എം. ബഷീർ മുമ്പാകെയാണ് ശാഖകുമാരിയുടെ കേസ് വിചാരണ നടക്കുന്നത്. കൊലപാതകം ചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് വയറുകളും അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞു. കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസിൽ ഫിലോമിനയുടെ മകൾ ശാഖ കുമാരി (51 ) നെ ഭർത്താവ് അരുൺ വൈദ്യുതിഷോക്കേൽപ്പിച്ച് 2020 ഡിസംബർ 25നാണ് കൊലപ്പെടുത്തിയത്. പ്രായത്തിൽ കുറവായിരുന്ന ബാലരാമപുരം സ്വദേശി അരുൺ (29) ശാഖ കുമാരിയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ ഷോക്കേറ്റെന്ന് പറഞ്ഞ് കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചു. ശാഖകുമാരിയുടെ മരണം നടന്ന് ഏറെ സമയം കഴിഞ്ഞിരുന്നുവെന്ന് ആശുപത്രി അധികൃതർ വെള്ളറട പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പബ്ളിക് പ്രോസിക്യൂട്ടർ എ. അജികുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |