തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിലായ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാകാലയളവ് ഇളവുചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ശുപാർശചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂർ വിമൺ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ആഗസ്റ്റ് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി.
മാവേലിക്കര ചെറിയനാട് ഭാസ്‌കരകാരണവർ വധക്കേസിൽ മരുമകൾ ഷെറിനുടൾപ്പെടെ നാലു പേരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. 2010 ജൂണിൽ മാവേലിക്കര അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാരണവരുടെ മകൻ ബിനുവിന്റെ ഭാര്യയും ഒന്നാംപ്രതിയുമാണ് ഷെറിൻ. കുറിച്ചി സചിവോത്തമപുരം കോളനിയിൽ കാലായിൽ ബിബീഷ് ബാബു, കളമശേരി ഉദ്യോഗമണ്ഡൽ കുറ്റിക്കാട്ടുകരയിൽ നിഥിൻനിലയത്തിൽ നിഥിൻ, കുറ്റിക്കാട്ടുകരയിൽ പാതാളം പാലത്തുങ്കൽ ഷാനു റഷാദ് എന്നിവരാണ് മറ്റു പ്രതികൾ. ഇവരുടെ തടവ് തുടരും.
2009 നവംബർ ഏഴിന് രാത്രിയിലാണ് തുരുത്തി മേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവർ (66) കൊല്ലപ്പെട്ടത്. ബുദ്ധി വളർച്ചയില്ലാത്ത മകന്റെ ഭാര്യയായ ഷെറിന്റെ പേരിലെഴുതിയ ധനനിശ്ചയാധാരം ഇവരുടെ വഴിവിട്ട ജീവിതം കാരണം കാരണവർ റദ്ദാക്കി. ഇതാണ് കൊലയ്ക്കു പ്രേരണയായതെന്നായിരുന്നു കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |