SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

അനുജത്തിയുടെ മൃതദേഹം കണ്ട് നിലവിളിച്ച് പാർവണേന്ദു

തിരുവനന്തപുരം: രാത്രി ഉറങ്ങുന്നതുവരെ ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജത്തി ഇനിയില്ലെന്ന വേദന, അവളെ വെള്ളത്തുണിയിൽ പൊതിഞ്ഞ് ആരൊക്കയോ എടുത്തുകൊണ്ടു പോകുന്നത് അയൽവീട്ടിലെ ജനാലയിലൂടെ കാണേണ്ട ദുരവസ്ഥ. കോട്ടുകാൽക്കോണം വാറുവിളാകത്ത്‌ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു,ശ്രീജിത്ത് ദമ്പതികളുടെ മൂത്തമകൾ ഏഴുവയസുകാരി പാർവണേന്ദുവിനെ ഇന്നലെ കണ്ടവരുടെ നെഞ്ചുപിടഞ്ഞു. അമ്മാവൻ ഹരികുമാർ അനുജത്തി ദേവേന്ദുവിനെ കിണറ്റിലെറി‌ഞ്ഞ് കൊലപ്പെടുത്തിയെന്ന് കേട്ടപ്പോൾ സംഭവം എന്തെന്നറിയാതെ അവൾ സ്തംഭിച്ചു.

വൈകിട്ട് മൃതദേഹം അടക്കാൻ കൊണ്ടുവന്നപ്പോൾ കണ്ണുപൊത്തി വാവിട്ട് നിലവിളിച്ച പാർവണേന്ദുവിനെ ആശ്വസിപ്പിക്കാൻ കഴിയാതെ കൂടിനിന്നവരും വിങ്ങിപ്പൊട്ടി.

ഇന്നലെ രാവിലെ പൊലീസിന് സംശയം തോന്നി വീട്ടിലുള്ളവരെയെല്ലാം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാർവണേന്ദുവിനെ അയൽവീട്ടിലാക്കി. വീട്ടിലെ ആൾക്കൂട്ടവും ചാനൽ ക്യാമറകൾ നിറഞ്ഞതുമെല്ലാം അവൾ ജനാലയിലിലൂടെ നോക്കിനിന്നു. കിണറ്റിന് ചുറ്റും തുണികൊണ്ടു മറച്ചിരുന്നു. അതിനുള്ളിലായിരുന്നു ദേവേന്ദുവിന്റെ മൃതദേഹം. ഉച്ചയ്ക്ക് 12ഓടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. വെള്ളത്തുണിയിൽ പൊതിഞ്ഞ എന്തോ കൊണ്ടുപോകുന്നു. ചുറ്റും നിന്ന സ്ത്രീകൾ വിങ്ങിപ്പൊട്ടിയെങ്കിലും എന്തെന്ന് അറിയാത്ത അവസ്ഥയിൽ അവൾ സ്തംഭിച്ചുനിന്നു. വൈകിട്ട് അഞ്ചോടെ സംസ്കരിക്കാനെത്തിച്ചപ്പോഴാണ് പാർവണേന്ദു അനുജത്തിയുടെ ചേതനയറ്റ മുഖം കാണുന്നത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതെ കരഞ്ഞുതളർന്ന് വീഴുകയായിരുന്നു ഏഴുവയസുകാരി.

വാടകവീടിന്റെ അകത്തും പുറത്തും കുഞ്ഞ് ദേവേന്ദുവിന്റെ ഓർമ്മകൾ മാത്രമാണ്.

വീടിനകത്ത് ചുവരിൽ നിറചിരിയോടെയുള്ള ചിത്രങ്ങൾ. അതിലൊരു ചിത്രത്തിൽ അമ്മാവൻ ഹരികുമാറും ഒപ്പമുണ്ടായിരുന്നു. പുറത്ത് ദേവേന്ദുവിന്റെ ചെരുപ്പുകളും അയയിൽ കുഞ്ഞുടുപ്പുകളും. ഇതെല്ലാം കണ്ടവർ ഹൃദയവേദനയോടെയാണ് അവിടെനിന്ന് മടങ്ങിയത്.

ചുരുളഴിയാത്ത ദുരൂഹതകൾ

പ്രതി ഹരികുമാറിന് ജോലിയൊന്നുമില്ല. ഏറെക്കാലം പൂണൂലിട്ട് കൊല്ലത്തുള്ള ക്ഷേത്രത്തിൽ പൂജാരിയാണെന്ന് എല്ലാവരോടും പറഞ്ഞു.ഇടയ്ക്ക് അത് മതിയാക്കി വീട്ടിനുള്ളിലായി.ശ്രീതുവിന് ദേവസ്വം ബോർഡിൽ താത്കാലിക ജോലിയുണ്ടെന്നാണ് നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ തല മൊട്ടയടിച്ച ഇവർ ക്യാൻസറാണെന്ന് പലരോടും പറഞ്ഞിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.രണ്ടു ദിവസം മുൻപ് വീട്ടിലുണ്ടായിരുന്ന 30ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു പറഞ്ഞ് ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സംശയം തോന്നിയ പൊലീസ് പരാതിയെഴുതി കൊണ്ടുവരാൻ ആവശ്യപ്പെട്ട് മടക്കി. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും വിവരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL