
തിരുവനന്തപുരം: വയനാട്ടിൽ ജനങ്ങളെ വിറപ്പിച്ച രണ്ട് കടുവകൾ ചുരമിറങ്ങി തലസ്ഥാന മൃഗശാലയിലെത്തുന്നു.
വയനാട്ടിലെ ജനവാസകേന്ദ്രത്തിൽനിന്ന് പിടികൂടി ബത്തേരി കടുവാ പരിചരണ കേന്ദ്രത്തിൽ പാർപ്പിച്ച കടുവകളാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. വളർത്തുമൃഗങ്ങളെ കൊന്ന് പുൽപ്പള്ളി അമരക്കുനിയെ ഭീതിയിലാഴ്ത്തി കൂട്ടിലായ പെൺകടുവയെയും 2023 ജനുവരിയിൽ മാനന്തവാടി പുതുശ്ശേരിയിൽ ആലക്കൽ തോമസിനെ കൊന്ന ആൺകടുവയെയുമാണ് എത്തിക്കുന്നത്.
അമരക്കുനിയിൽ നിന്ന് പിടിച്ച കടുവയെ ഈയാഴ്ച എത്തിക്കുമെന്നാണ് സൂചന.എട്ടുവയസുള്ള പെൺകടുവ ചികിത്സയിലായിരുന്നു.ഇരയെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലാതിരുന്നതിനാൽ അമരക്കുനിയിലെ ജനവാസകേന്ദ്രത്തിലെത്തി ആടുകളെ കൊല്ലുകയായിരുന്നു.കാലിനാണ് കടുവയ്ക്ക് പരിക്ക്.
കർണാടക വനത്തിൽനിന്ന് ഇരിട്ടി വഴി വയനാട്ടിലേക്ക് എത്തിയ കടുവയാണ് 2023 ജനുവരിയിൽ പുതുശേരിയിൽ കർഷകനായ തോമസിനെ കടിച്ചു കീറി കൊന്നത്. ഈ ആൺ കടുവയ്ക്ക് 12 വയസുണ്ട്. അമരക്കുനിയിലെ കടുവയെ കൊണ്ടുപോയ ശേഷമായിരിക്കും ഇതിനെ മൃഗശാലയിൽ എത്തിക്കുന്നത്.
ഈ കടുവകൾ കൂടി എത്തുന്നതോടെ വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്ന കടുവകൾ അഞ്ചെണ്ണമാകും.2015ൽ പുൽപ്പള്ളിയിൽ നിന്ന് പിടികൂടി മൃഗശാലയിൽ 'ജോർജ്' എന്ന വിളിപ്പേരിൽ അറിയപ്പെട്ട കടുവയാണ് വയനാട്ടിൽ നിന്ന് ആദ്യമായി എത്തിയത്. 2024 ജൂലായിൽ കേണിച്ചിറയിൽനിന്ന് പിടിച്ച 'തോൽപ്പെട്ടി 17' എന്ന ആൺകടുവയും 2024 മാർച്ചിൽ മീനങ്ങാടി മയിലമ്പാടിയിൽനിന്ന് പിടിച്ച 'ബബിത' എന്ന പെൺകടുവയും മൃഗശാലയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |