
തിരുവനന്തപുരം: മെഗാപോർട്ടായും ചരക്കുനീക്കത്തിന്റെ കവാടമായും മാറാനുള്ള വിഴിഞ്ഞത്തിന്റെയും തലസ്ഥാനത്തിന്റെയും സ്വപ്‌നങ്ങൾക്ക് ചിറകുകൾ നൽകുന്നതായിരിക്കും ഇന്നത്തെ സംസ്ഥാന ബഡ്ജറ്റെന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്തിനായി ആവശ്യപ്പെട്ട 5000കോടിയുടെ പാക്കേജ് കേന്ദ്രബഡ്ജറ്റിൽ നിരാകരിക്കപ്പെട്ടെങ്കിലും വിഴിഞ്ഞം വികസനത്തിനാവും ഇവിടെ പ്രാധാന്യം. തുറമുഖ വികസനത്തിന് സ്വകാര്യനിക്ഷേപമടക്കമുള്ള മാതൃകകൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും. വിഴിഞ്ഞത്തിന്റെ പ്രയോജനം പൂർണമായും കിട്ടുന്ന തരത്തിൽ വൻനിക്ഷേപാവസരം ഒരുക്കുമെന്നും വൻതോതിൽ തൊഴിലും സംരംഭങ്ങളും വരുമെന്നുമാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വാഗ്ദാനം. വിഴിഞ്ഞം തുറമുഖമായിരുന്നു കഴിഞ്ഞ ബഡ്ജറ്റിന്റെ കേന്ദ്രബിന്ദു. ഇത്തവണ വിഴിഞ്ഞത്തിന് അനുബന്ധമായി സംരംഭങ്ങളുടെയും വ്യവസായങ്ങളുടെയും ശൃംഖല കെട്ടിപ്പടുക്കാനാവും ഊന്നൽ. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനം 2028ൽ പൂർത്തിയാക്കേണ്ടതുണ്ട്. വല്ലാർപാടവും 17ചെറുകിട തുറമുഖങ്ങളുമായി കൂട്ടിയിണക്കി വിഴിഞ്ഞത്തെ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് ഹബാക്കി മാറ്റാനുള്ള സർക്കാർ പദ്ധതി ലക്ഷ്യത്തിലെത്തണമെങ്കിൽ വൻതോതിൽ നിക്ഷേപങ്ങളുണ്ടാവണം.
തുറമുഖത്തോടനുബന്ധിച്ച് 5ഫോക്കസ് ഏരിയകളിലായി 22മുൻഗണനാ വ്യവസായങ്ങൾക്കാണ് സ്വകാര്യനിക്ഷേപം തേടുന്നത്. ഡിഫൻസ്- സ്പേസ് മാനുഫാക്ചറിംഗ്, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണ നിർമ്മാണം എന്നിവയ്ക്കാണ് മുൻഗണന. ഗ്രീൻ-ഹൈഡ്രജൻ, ഗ്രീൻ-അമോണിയ വ്യവസായങ്ങളും പരിഗണനയിലുണ്ട്. കൊല്ലം വരെ നീളുന്ന വ്യവസായ ഇടനാഴിയിലും നിക്ഷേപങ്ങളുണ്ടാവണം. ഇലക്ട്രോണിക്സ്, മെഡിക്കൽ, ഫാർമസി, ലോജിസ്റ്റിക്സ് പാർക്കുകൾക്കുള്ള മാസ്റ്റർപ്ലാൻ തയ്യാറായി. ഇതിനായും നിക്ഷേപകരെ കണ്ടെത്തണം. പ്രത്യേകസാമ്പത്തിക മേഖലകൾ, കയറ്റുമതികേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് ഹബുകൾ, വെയർഹൗസ് ശൃംഖലകൾ എന്നിവയും ആവശ്യമാണ്.
കണക്ടിവിറ്രി ഉറപ്പാക്കണം
ചരക്കുനീക്കം സുഗമമാക്കാൻ റോഡ്,റെയിൽ,ജലഗതാഗത കണക്ടിവിറ്റി ഉറപ്പാക്കുക പ്രധാനമാണ്
തുറമുഖത്തേക്ക് 10കി.മിറെയിൽപ്പാതയൊരുക്കാൻ 1400കോടിയാണ് ചെലവ്. തീരാൻ 4വർഷമെടുക്കും. 5.5ഹെക്ടർ ഭൂമിയെടുക്കണം
ദേശീയപാതാ കണക്ടിവിറ്റിക്ക് 2വർഷമെടുക്കും. താത്കാലിക കണക്ടിവിറ്റിക്ക് 1.7കി.മീ അപ്രോച്ച്റോഡുണ്ടാക്കണം
കോവളം-ബേക്കൽ ഉൾനാടൻ ജലപാത പ്രവർത്തനക്ഷമമാക്കണം. ആക്കുളം-ചേറ്റുവറീച്ച് ആറുമാസത്തിനകം സഞ്ചാരയോഗ്യമാക്കും
₹25000കോടി
കോർപസ് ഫണ്ടോടെ കേന്ദ്രബഡ്ജറ്റിലുള്ള മാരിടൈം വികസനഫണ്ട് വിഴിഞ്ഞത്തിന് തുണയാവും. മാരിടൈം വ്യവസായത്തിന് സഹായവും പ്രോത്സാഹനവും നൽകാനാണിത്. മാരിടൈം വ്യവസായ ക്ലസ്റ്ററുകൾക്കടക്കം ധനസഹായം ലഭിക്കും.
കേന്ദ്രപാക്കേജ് കിട്ടിയില്ലെങ്കിലും വിഴിഞ്ഞത്തിന് ഒരു കുറവുമുണ്ടാവില്ല. ആരെയും കൈയൊഴിയാൻ വിടില്ല. രാജ്യത്തെ ഏറ്റവുംവലിയ നിക്ഷേപസംരംഭമായി വിഴിഞ്ഞംമാറും. യുവാക്കൾക്ക് സംരംഭങ്ങൾക്കും തൊഴിലിനും അവസരമുണ്ടാക്കും.
-കെ.എൻ.ബാലഗോപാൽ
ധനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |