തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയെ വരവേറ്റ് പൊങ്കാല കലങ്ങളുമായി കച്ചവടക്കാർ തലസ്ഥാനത്ത് തമ്പടിച്ചുകഴിഞ്ഞു.കിഴക്കേകോട്ട,പടിഞ്ഞാറേക്കോട്ട,അട്ടക്കുളങ്ങര ഭാഗത്താണ് ഇവർ വില്പനയ്ക്കായി സ്ഥാനം പിടിച്ചിരിക്കുന്നത്.തെക്ക് നിന്നെത്തിയവർ മുൻപത്തെപ്പോലെ കിള്ളിപ്പാലത്തു തന്നെ സ്ഥാനം ഉറപ്പിച്ചു.ആറ്റുകാൽ പൊങ്കാല അവർക്ക് കച്ചവട സീസണാണ്.
"ആറ്റുകാൽ അമ്മയുടെ മണ്ണിൽ നിന്നാണ് എനിക്കെല്ലാം കിട്ടിയത്. 200 രൂപ ലാഭത്തിൽ നിന്ന് തുടങ്ങിയ എനിക്ക് ഇന്ന് വീടുവരെയായി". ഇത് പറയുമ്പോൾ 60കാരി സുകുമാരിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.''
പതിനഞ്ച് വർഷമായി മുടങ്ങാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് കലങ്ങൾ വിൽക്കാൻ സുകുമാരിയെത്തും. നാഗർകോവിലിൽ നിന്നാണ് കലങ്ങളെത്തിക്കുന്നത്.രാവിലെ ആരംഭിക്കുന്ന കച്ചവടം രാത്രി 10 വരെ നീളും.വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ടെങ്കിലും സുകുമാരി അമ്മ പൊങ്കാല അർപ്പിച്ചാണ് മടങ്ങുന്നത്.
സ്വയം തീർത്ത കലങ്ങളുമായാണ് മാർത്താണ്ഡം സ്വദേശി ലതാംബിക എത്തുന്നത്. ദിവസങ്ങളെടുത്ത് പൂർത്തിയാക്കുന്ന കലങ്ങൾക്ക് സൈസിനനുസരിച്ചാണ് വില.
പാരമ്പര്യമായി പകർന്നുകിട്ടിയ കല ഇന്നും ചേർത്തു പിടിച്ചിരിക്കുകയാണ്.പൊങ്കാലയും ഇടാറുണ്ട്.
അന്യംനിന്നുപോകുന്ന ഒരു കലാരൂപമാണ് കലം നിർമ്മാണമെന്ന് കച്ചവടക്കാരാൻ രാധാകൃഷ്ണൻ നായർ പറയുന്നു. 60 വർഷമായി കലങ്ങൾ വിൽക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ വിലവർദ്ധനവ് കച്ചവടത്തെ ബാധിക്കുന്നുണ്ട്.
മുൻപ് കേരളത്തിൽ തീർത്ത 'നാടൻ' കലങ്ങളാണ് എത്തിച്ചിരുന്നതെങ്കിൽ, ഇന്ന് തമിഴ്നാട്ടിലെ 'വടക്കൻ' കലങ്ങളാണ് കൂടുതലും.പൊങ്കാലയ്ക്ക് തലേന്നുവരെ കലം കച്ചവടം സജീവമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |