തിരുവനന്തപുരം: ആംബുലൻസ് ഡ്രൈവറെ മെഡിക്കൽ കോളേജിലെ ലാബിന് മുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയി മുക്കിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. കന്യാകുളങ്ങര ഇടവിളാകം സ്വദേശി മെഹബൂബിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ശ്രീകാര്യം ഭാഗത്തുള്ള തോട്ടിലെത്തിച്ചാണ് മർദ്ദിച്ച് മുക്കിക്കൊല്ലാൻ ശ്രമിച്ചത്. മെഹബൂബിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വൈകിട്ട് 7ന് എ.സി.ആർ ലാബിന് മുന്നിൽ നിൽക്കുമ്പോൾ രണ്ടുപേർ ചേർന്ന് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി മർദ്ദിക്കുകയും ഓട്ടോറിക്ഷയിൽ പിടിച്ചുകയറ്റി ശ്രീകാര്യം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
അവിടേക്ക് വെറെ രണ്ടുപേരും കൂടിയെത്തി ഓലമടലും കല്ലും കൊണ്ട് ഇടിക്കുകയും രണ്ട് മൊബൈൽ ഫോണും പഴ്സും അപഹരിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ വിവസ്ത്രനാക്കി ഷർട്ടുകൊണ്ട് കഴുത്തിൽ മുറുക്കി തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നും ബോധരഹിതനായതോടെ ഉപേക്ഷിച്ചുപോവുകയായിരുന്നെന്നും മെഹബൂബ് പറയുന്നു. കാപ്പാ കേസിൽ ഉൾപ്പെട്ടവരടക്കമുള്ള ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. അന്വേഷണം തുടരുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |