SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

ടേക്ക് ഓഫാകുമോ തലസ്ഥാന മെട്രോ

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയിലിന്റെ പ്രാരംഭഘട്ട നടപടികൾ 2026ൽ ആരംഭിക്കുമെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രഖ്യാപനം പ്രാവർത്തികമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.കഴിഞ്ഞ ബഡ്ജറ്റിലും മെട്രോ പ്രഖ്യാപനമുണ്ടായെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല.

തലസ്ഥാനത്ത് നിർമ്മിക്കുന്ന മെട്രോയുടെ അലൈൻമെന്റ് സംബന്ധിച്ച ആശങ്കകൾ നിലനിൽക്കേയാണ് മന്ത്രിയുടെ ഇത്തവണത്തെ പ്രഖ്യാപനം.തലസ്ഥാന മെട്രോയുടെ മൂന്ന് അലൈൻമെന്റുകൾ സർക്കാരിനു മുന്നിൽ കെ.എം.ആർ.എൽ സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ അതിലൊന്നും അലൈൻമെന്റ് അന്തിമമാക്കാൻ ഇതുവരെ സർക്കാരിനായിട്ടില്ല.അന്തിമ അലൈൻമെന്റ് സ്ഥിരീകരിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.

അലൈൻമെന്റ് അംഗീകരിച്ച് ഡി.പി.ആർ തയ്യാറാക്കിയതിശേഷം മാത്രമേ അംഗീകാരത്തിനായി കേന്ദ്രത്തെ സമീപിക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ ധനമന്ത്രി പറഞ്ഞ സമയത്തു തന്നെ പദ്ധതി തുടങ്ങുമെന്ന കാര്യം സംശയമാണെന്നാണ് വിലയിരുത്തൽ.

ഡി.പി.ആർ അന്തിമമായാൽ പദ്ധതിച്ചെലവ്,മെട്രോയുടെ റൂട്ട് എന്നിവയുടെ വിശദാംശങ്ങളിൽ തീരുമാനമെടുക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് ചുമതല. പദ്ധതിയുടെ തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയും (സി.എം.പി), ഓൾടർനേറ്റ് അനാലിസിസ് റിപ്പോർട്ടും (എ.എ.ആർ) പ്രകാരം കഴക്കൂട്ടം ടെക്‌നോപാർക്കിന് മുന്നിൽ നിന്നാരംഭിച്ച് കിഴക്കേകോട്ട വരെയുള്ള അലൈൻമെന്റായിരുന്നു തുടക്കത്തിൽ പരിഗണിച്ചിരുന്നത്. നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടവും പ്ലാനിലുണ്ട്.

ആദ്യ ആലോചനകളിൽ ലൈറ്റ് മെട്രോ സാദ്ധ്യതയായിരുന്നു പരിശോധിച്ചിരുന്നത്. എന്നാൽ, തലസ്ഥാനത്തെ യാത്രക്കാരുടെ എണ്ണവും ആവശ്യവും പരിഗണിച്ചാണ് കൊച്ചിയിലേതിന് സമാനമായ മെട്രോ നിർമ്മാണം നിശ്ചയിച്ചത്.

 മെട്രോ റെയിൽ പദ്ധതിയിൽ ഉൾപ്പെടുക - 42 കിലോമീറ്റർ

 വിഭാവനം ചെയ്തിരിക്കുന്നത് - 37 സ്റ്റേഷനുകളാണ്

നിർദേശിക്കുന്ന റൂട്ട്

ടെക്‌നോപാർക്ക് – കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് – ഉള്ളൂർ – മെഡിക്കൽ കോളേജ് – മുറിഞ്ഞപാലം – പട്ടം – പി.എം.ജി – നിയമസഭയ്ക്ക് മുന്നിലൂടെ പാളയം – ബേക്കറി ജംഗ്ഷൻ – തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ – തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ – പുത്തരിക്കണ്ടം മൈതാനം.

രണ്ടാം ഘട്ടം
ഒന്നാം ഘട്ടം അവസാനിക്കുന്ന കിള്ളിപ്പാലം മുതൽ നെയ്യാറ്റിൻകര വരെ. അതല്ലെങ്കിൽ പാളയത്തു നിന്ന് കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് രണ്ടാംഘട്ടം നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL