കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുകോടി രൂപയോളം നൽകിയെന്ന് പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനന്തുവിന്റെ മൊബൈൽ, ബാങ്ക്, വാട്‌സ്ആപ്പ് ചാറ്റ് രേഖകൾ നിരത്തിയായിരുന്നു ചോദ്യംചെയ്യൽ. ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റി.
ഒന്നരക്കോടി രൂപയുടെ ഇവന്റ് സംഘടിപ്പിച്ചും ഭൂമിവാങ്ങിക്കൂട്ടാനും തട്ടിപ്പ് പണം ഉപയോഗിച്ചെന്നും മൊഴി നൽകി. കൊടിയത്തൂർ, ഈരാറ്റുപേട്ട, മുട്ടം എന്നിവിടങ്ങളിലും കർണാടകയിലും അനന്തു സ്ഥലം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടയത്തൂരും ഈരാറ്റുപേട്ടയിലും 12സെന്റ് വീതം സ്ഥലം വാങ്ങിയതിന്റെയും കുടയത്തൂരിൽ 50 സെന്റ് സ്ഥലത്തിന് അഡ്വാൻസ് നൽകിയതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു.
അനന്തുവിനെ ഇന്ന് ഇയാളുടെ എറണാകുളത്തെ മറൈൻഡ്രൈവിലെ അശോകഫ്ലാറ്റിലും അടുത്തിടെ വാങ്ങിയ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കും. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പെന്ന് വ്യക്തമായ സാഹചര്യത്തിൽ അനന്തുകൃഷ്ണന് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ചില തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയം. സംശയമുള്ളവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ച് വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |