കൊച്ചി/കോലഞ്ചേരി: പകുതിവിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനുമൊക്കെ വാഗ്ദാനം ചെയ്ത് 1000 കോടിയോളം തട്ടിച്ച തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ പങ്കുപറ്റിയവരിൽ വിവിധ രാഷ്ട്രീയപാർട്ടികളും നേതാക്കളും. ആലുവ പൊലീസ് ക്ലബ്ബിൽ അനന്തുവിനെ മണിക്കൂറുകൾ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടിക്കണക്കിന് രൂപ ഇങ്ങനെ നൽകിയിട്ടുണ്ടെന്നാണ് മൊഴി. പണം കൈപ്പറ്റിയവരെ പൊലീസ് വൈകാതെ നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്തേക്കും.
2022 സെപ്തംബറിൽ പ്രാദേശികതലത്തിൽ 2500ഓളം സന്നദ്ധ സംഘടനകളെ ഒരുമിപ്പിച്ച് അനന്തു എൻ.ജി.ഒ കോൺഫെഡറേഷൻ രൂപീകരിച്ചു. സായി ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കൂടിയായ കെ.എൻ.ആനന്ദകുമാറിനെ ഇതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചു. ഇദ്ദേഹത്തിന് ഇതുവരെ രണ്ടുകോടി രൂപയോളംരൂപ നൽകിയെന്ന് അനന്തു പൊലീസിന് മൊഴി നൽകി. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്നും മൊഴി നൽകിയിട്ടുണ്ട്. സ്കൂട്ടർ ഇടപാടിലേക്ക് തിരിഞ്ഞതോടെ ഇരുവരും തെറ്റി. കൊച്ചിയിലെടുത്ത കേസിലും ആനന്ദകുമാറിനെ പ്രതി ചേർത്തേക്കുമെന്നാണ് വിവരം. ഇതിനായി പൊലീസ് നിയമോപദേശം തേടി.
മുതിർന്ന ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനും കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിനും 40 ലക്ഷംരൂപ വീതം നൽകിയെന്നും അനന്തു മൊഴി നൽകി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് മൂന്ന് ലക്ഷവും കോൺഗ്രസ് ഇടുക്കി ജില്ലാകമ്മിറ്റിക്ക് എട്ടുലക്ഷം രൂപയും സർക്കാരുമായി ബന്ധപ്പെട്ട സംസ്ഥാനവ്യാപക പരിപാടിക്ക് ഏഴുലക്ഷം രൂപയും കൊടുത്തുവെന്ന് മൊഴി നൽകിയതായും അറിയുന്നു. പലരുടെയും ഓഫീസ് സ്റ്റാഫുകൾ വഴിയാണ് പണം കൈമാറിയത്.
അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചതായും സൂചനയുണ്ട്. എത്ര തുക പിരിച്ചെടുത്തു, ശേഷിക്കുന്നത് എത്ര തുടങ്ങിയവയിൽ കൃത്യമായ മറുപടി അനന്തു നൽകിയിട്ടില്ല. പഠിച്ചുവച്ചപോലെയാണ് മറുപടികൾ. എൻ.ജി.ഒകളുടെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നയാളെ ഇന്നലെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. തനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും സ്ഥിരം ജീവനക്കാരനല്ലെന്നുമാണ് ഇയാളുടെ മൊഴി. മാസത്തിലൊരിക്കൽ പണമിടപാടുകൾ പരിശോധിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും പണം എവിടേയ്ക്ക് മാറ്റിയെന്ന് അറിയില്ലെന്നും പറഞ്ഞു. അനന്തുവിന്റെ വനിതാ ജീവനക്കാരുടെ മൊഴിയെടുപ്പ് ഏതാണ്ട് പൂർത്തിയായി. തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നാണ് ഇവരെല്ലാം മൊഴി നൽകിയത്.
ജീവനക്കാർ ഒളിവിൽ
അനന്തുവിന്റെ അറസ്റ്റോടെ ഒളിവിൽപ്പോയ ജീവനക്കാർക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഫോണുകളെല്ലാം സ്വിച്ച് ഓഫാണ്. ഫെബ്രുവരിയിൽ അനന്തു രൂപീകരിച്ച ട്രസ്റ്റിൽ അഞ്ച് അംഗങ്ങളാണുള്ളത്. ആക്ടിംഗ് ചെയർപേഴ്‌സണും നാല് അംഗങ്ങളും. ഇവരെയും ചോദ്യംചെയ്യും.
സ്ഥാപനങ്ങൾ വെട്ടിലായി
തയ്യൽമെഷീനുകൾ നൽകിയ സ്ഥാപനത്തിന് 1.5 കോടിയും സ്കൂട്ടർ നൽകിയ ഇടുക്കിയിലെ ഡീലർക്ക് 4.5കോടിയും അനന്തു നൽകാനുണ്ട്. സമീപകാലത്ത് സ്കൂട്ടറും തയ്യൽമെഷീനും കൂടുതലായി വാങ്ങിയിരുന്നു. ഇവയുടെ ക്രെഡിറ്റ് കാലാവധി കഴിഞ്ഞിട്ടും പണം നൽകിയില്ല. ഇതുകാരണം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |