SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 PM IST

കാപ്പിൽ നിവാസികൾക്ക് ആശ്വാസം റെയിൽവേ അണ്ടർ പാസേജ് ഉടൻ

വർക്കല: ഇടവ പഞ്ചായത്തിലെ കാപ്പിൽ നിവാസികളുടെ ചിരകാല മോഹമായ കാപ്പിൽ റെയിൽവേ അണ്ടർപാസേജ് (സബ് വേ ) ഉടൻ പ്രാവർത്തികമാകും. സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കാപ്പിൽ അണ്ടർ പാസേജിനായി തുക വകയിരുത്തിയത് ഇടവക്കാരുടെ പ്രതീക്ഷയ്ക്ക് ചിറകുവപ്പിച്ചു. കഴിഞ്ഞ 15 വർഷത്തിലേറെയായി ഇടവ പഞ്ചായത്ത് ഉന്നയിക്കുന്ന പൊതു ആവശ്യമായിരുന്നു കാപ്പിൽ റെയിൽവേ അണ്ടർപാസേജ്. മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികൾ ഈ ആവശ്യമുന്നയിച്ച് നിരവധി തവണ റെയിൽവേക്ക് നിവേദനങ്ങൾ നൽകിയിരുന്നു. റെയിൽവേയുടെ ആവശ്യമല്ലാത്തതിനാലും പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും ആവശ്യമായതിനാലും അണ്ടർപാസേജിന് ആവശ്യമായ തുക പഞ്ചായത്തോ സംസ്ഥാനസർക്കാരോ നൽകണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടത്.

അണ്ടർ പാസേജിന് 6 കോടി

കാപ്പിൽ പ്രദേശവാസികളും വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സാമൂഹിക സംഘടനകളും ആവശ്യം ശക്തമായി ഉന്നയിച്ചതിൽ പിന്നെയാണ് പഞ്ചായത്ത് ഭരണസമിതി എസ്റ്റിമേറ്റ് വേണമെന്ന ആവശ്യവുമായി റെയിൽവേയെ സമീപിച്ചത്. 2024ൽ റെയിൽവേ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. 2024 ഫെബ്രുവരിയിൽ റെയിൽവേ ഡിവിഷണൽ സീനിയർ ഫിനാൻസ് മാനേജർ സദാശിവം നൽകിയ എസ്റ്റിമേറ്റിൽ 5,28,94,303 രൂപയാണ് ചെലവായി കാണിച്ചിട്ടുള്ളത്. ഭീമമായ തുക നൽകാൻ പഞ്ചായത്തിനെക്കൊണ്ട് കഴിയുമായിരുന്നില്ല. വി.ജോയി എം.എൽ.എ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് 6 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയത്.

ഗതാഗതം സുഗമമാകും

കാപ്പിൽ പ്രദേശത്തിന്റെ ഒരു ഭാഗത്തുനിന്നും മറുഭാഗത്ത് എത്തിച്ചേരണമെങ്കിൽ ഇടവ പഞ്ചായത്ത് പ്രദേശത്ത് കൂടി ആറ് കിലോമീറ്ററോളം ചുറ്റണമെന്ന അവസ്ഥയാണ്. ഒരു ഭാഗത്തുള്ളവർക്ക് മറുഭാഗത്തുള്ള കാപ്പിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികളെ അയയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. റെയിൽവേ സ്റ്റേഷന്റെ എതിർവശത്തുള്ളവർക്കും മുക്കം,കണ്ണംമ്മൂട്, മാവുനിന്നവിള, പാറയിൽ, കാട്ടുവിള, തോട്ടുംമുഖം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും മറ്റു ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ ദീർഘദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. കാപ്പിൽ കണ്ണംമ്മൂട് ഭാഗത്ത് റെയിൽവേ അണ്ടർ പാസേജ് വരുന്നതോടെ തദ്ദേശീയർക്ക് ഗതാഗതസൗകര്യം സുഗമമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL