SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

വേനലിൽ വാടി ക്ഷീരമേഖല

കല്ലറ: വേനലിൽ പാൽ ചുരത്താതെ പശുക്കൾ, കണ്ണീരൊഴുക്കി ക്ഷീരകർഷകർ. പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിട്ടതോടെ പാൽ ലഭ്യതയിൽ വൻകുറവാണ് നേരിടുന്നത്. വൈക്കോലിനെ ആശ്രയിച്ചാണ് ഒട്ടുമിക്ക കർഷകരും കന്നുകാലികളെ വളർത്തുന്നത്. തീറ്റയും വൈക്കോലും വിലകൊടുത്തു വാങ്ങി ഉത്പാദനച്ചെലവ് വർദ്ധിക്കുന്നത് ക്ഷീരകർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നു. ദിവസം 20 കിലോ പച്ചപ്പുല്ലെങ്കിലും ഒരു കറവപ്പശുവിന് ലഭ്യമാക്കണമെന്നാണ് മൃഗസംരക്ഷകർ പറയുന്നത്. തരിശായ പ്രദേശങ്ങളിൽ തീപിടിത്തവും പതിവാണ്. പ്രതിസന്ധികളുടെ നടുവിൽ കാലിത്തീറ്റ വില ഒരു വർഷത്തിനിടെ 25 ശതമാനത്തോളമാണ് വർദ്ധിച്ചത്. കന്നുകാലികളെ വിറ്റഴിക്കാൻ ഒരുങ്ങിയാൽ വാങ്ങാനും ആളില്ല. വേനൽ കടുത്തതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റും ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയും വേറെ. ഇതും പാൽ ലഭ്യതക്കുറവിന് കാരണമാകുന്നു.

250 ലിറ്റർ ശുദ്ധജലം വേണം

ഒരു കറവപ്പശുവിന് ദിവസം ഏറ്റവും കുറഞ്ഞത് 250 ലിറ്റർ ശുദ്ധജലം വേണം. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ ഇതിനും കർഷകർ ബുദ്ധിമുട്ടുകയാണ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കറവമാടുകളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുത്പാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്.എൻ.എഫ്, ലാക്‌റ്റോസ് എന്നിവയും കുറയുന്നു.

മാടുകൾക്കും വേണം കരുതൽ

മാംസ്യത്തിന്റെയും ഊർജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടണം, നാരിന്റെ അംശം കുറയ്ക്കണം. പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം

പച്ചപ്പുല്ലിന് പകരം പച്ചിലകൾ, പച്ച ഓല എന്നിവ നൽകാം

കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗർഭധാരണത്തിന് വളരെ നിർണായകമാണ്. ബീജാധാനത്തിന് ഒന്ന് രണ്ടാഴ്ചകളിലും ഗർഭകാലത്തിന്റെ അവസാനത്തെ മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്‌ട്രെസ് കുറയണം

തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കണം. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുക, തൊഴുത്തിൽ ഫാനിടുക

രാവിലെ 10 മുതൽ വൈകിട്ട് 5വരെ വെയിലത്ത് കെട്ടിയിടരുത്. ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL