
പോത്തൻകോട്: മനം നിറയ്‌ക്കുന്ന പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ വെള്ളാണിക്കൽ പാറമുകളിലെത്തുന്ന സഞ്ചാരികൾക്ക് നിരാശ മാത്രം. മാറി വന്ന സർക്കാരുകൾ സാഹസിക പൈതൃക വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
പോത്തൻകോട്,മാണിക്കൽ,മുദാക്കൽ ഗ്രാമ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഇവിടേക്ക് എത്തിച്ചേരാനുള്ള റോഡുകളുടെ തകർച്ചയാണ് മറ്റൊരു പ്രശ്‌നം. കോലിയക്കോട് നിന്ന് വെള്ളാണിക്കലേക്കുള്ള പ്രധാന റോഡ് കാൽനട യാത്ര പോലും സാദ്ധ്യമല്ലാത്ത നിലയിലാണ്. തെരുവ് വിളക്കുകളുടെ അഭാവം കാരണം സന്ധ്യയായാൽ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി. ഒരുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകൾ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്ത സംഭവവുമുണ്ടായിരുന്നു.
എങ്ങുമെത്താതെ പദ്ധതികൾ
-----------------------------------------------
കുട്ടികൾക്കുള്ള ആധുനിക പാർക്ക്,പാറയിൽ കൊത്തിയുണ്ടാക്കിയ നടപ്പാതകൾ,കല്ലിൽ തീർത്ത ഇരിപ്പിടങ്ങൾ, പാർക്കിംഗ് ഏരിയകൾ,കോഫി ഷോപ്പുകൾ,അഡ്വെഞ്ചർ പാർക്കുകൾ,ഔഷധ സസ്യജാല പാർക്ക്,ആധുനിക രീതിയിലുള്ള റോഡുകൾ തുടങ്ങി പ്രഖ്യാപിച്ച പദ്ധതികൾ ഇപ്പോഴും കടലാസിൽ തന്നെ. ഔഷധത്തോട്ടം,കൃത്രിമ വെള്ളച്ചാട്ടം,റോക്ക് ഗാർഡൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന പല പദ്ധതികളും ജലരേഖകളായി മാറി.
ടൂറിസം സാദ്ധ്യതകൾ
-----------------------------------
സമുദ്ര നിരപ്പിൽ നിന്ന് 640 അടി ഉയരത്തിലാണ് വെള്ളാണിക്കൽപാറ സ്ഥിതി ചെയ്യുന്നത്. ഒരിക്കലും വറ്റാത്ത നീരുറവകളും കൊത്തുപണികളും ശിലാ ലിഖിതങ്ങളും കൊത്തിയുണ്ടാക്കിയ ഗുഹാമുഖവും പുലിച്ചാണിയും ചരിത്രശേഷിപ്പുകളായി ഇന്നും നിലകൊള്ളുന്നു.
ഗ്ലാസ് ബ്രിഡ്‌ജ്,ഇക്കോ ടൂറിസം മോഡൽ അഡ്വെഞ്ചർ റോക്ക് ഹിൽ,കലാ അവതരണങ്ങൾക്കുള്ള സ്ഥിരം വേദികൾ, ഏറുമാടങ്ങൾ,കേബിൾ കാർ സവാരി,റോപ്പ് വേ,സ്വീപ്പ് ലൈൻ യാത്ര തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വെള്ളാണിക്കൽപ്പാറയും ശ്രദ്ധനേടും. സാഹസിക വിനോദങ്ങൾക്ക് ഏറെ സാദ്ധ്യതയുള്ള ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.
പ്രധാനപ്രശ്‌നങ്ങൾ
-------------------------------
പദ്ധതികളുടെ അഭാവം
അടിസ്ഥാന സൗകര്യങ്ങളില്ല
തകർച്ചയിലുള്ള റോഡുകൾ
തെരുവ് വിളക്കുകളുടെ അഭാവം
സാമൂഹ്യവിരുദ്ധരുടെ ശല്യം
വിസ്‌തൃതി - 23 ഏക്കർ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 640 അടി
എത്തിച്ചേരാൻ
---------------------------------------------------
പോത്തൻകോടു നിന്നു കോലിയക്കോട് വഴി 2 കിലോമീറ്ററും വെഞ്ഞാറമൂട് നിന്നു പാറക്കൽ വഴി 5 കിലോമീറ്ററും വേങ്ങോട് നിന്നു 3 കിലോമീറ്ററും ആറ്റിങ്ങൽ മുദാക്കൽ വഴി 5 കിലോമീറ്ററും യാത്രചെയ്‌താൽ വെള്ളാണിക്കൽ പാറമുകളിലെത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |