SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആക്രമണം കരുതിക്കൂട്ടിയുള്ളത്, ഫയലുകൾ നഷ്ടപ്പെട്ടു

പാറശാല: കഴിഞ്ഞ ദിവസം നടന്ന പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആക്രമണം ചിലർ സംഘം ചേർന്ന് കരുതിക്കൂട്ടി നടത്തിയതാണെന്ന് കണ്ടെത്തി. ആക്രമണത്തിൽ ഓഫീസിലെ കോൺഫറൻസ് ഹാൾ, ചെയർപേഴ്‌സൺമാരുടെ ഓഫീസുകൾ, ഓഫീസ് വക കാർ എന്നിവ തകർത്തിരുന്നു. ഇതിനുപുറമെ സെക്രട്ടറിയുടെയും,എക്സ്റ്റൻഷൻ ഓഫീസറുടെയും അലമാരകളിൽ സൂക്ഷിച്ചിരുന്ന ഫയലുകളിൽ പലതും നഷ്ടപ്പെട്ടതായും കണ്ടെത്തി.

കോൺഫറൻസ് ഹാളിൽ നിന്നിളക്കി മാറ്റിയ ആംപ്ലിഫെയറും,മൈക്കുകളും മറ്റ് ഓഡിയോ സംവിധാനങ്ങളുമെല്ലാം ഹാളിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ഔദ്യോഗിക കാറിൽ നിന്ന് കണ്ടെത്തി. ഇവയും ചില ഫയലുകളും കാറിലെ ഗ്ലാസുകൾ തകർത്ത് സീറ്റുകളിലാണ് വച്ചിരുന്നത്.

ഇതിനുപിന്നിൽ മോഷണശ്രമമല്ലെന്നും സംഭവത്തിൽ നിന്ന് ശ്രദ്ധമാറ്റുക എന്നതാവാം ലക്ഷ്യമെന്നും പൊലീസ് പറയുന്നു.അക്രമികൾ പഞ്ചായത്തിലെ പ്രധാന ഓഫീസിലോ സൂപ്രണ്ടിന്റെ മുറിയിലോ കയറിയിട്ടില്ലെന്നാണ് കരുതുന്നത്.

ഓഫീസ് കമ്പ്യൂട്ടറൈസ്ഡ് ആണെങ്കിലും പൂർണമായും ഇ ഫയലിംഗ് സംവിധാനത്തിലേക്ക് മാറിയിട്ടില്ല.പേപ്പർ ഫയലിംഗ് തുടരുന്നതിനാൽ നഷ്ടപ്പെട്ട ഫയലുകൾ പലതും വീണ്ടെടുക്കുക ദുഷ്കരമാണ്.ഇത് ഓഫീസ് നടപടികൾക്ക് തടസമാകുമെന്നാണ് കരുതുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി സംവിധാനങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രവർത്തനരഹിതമായിരുന്നതിനാൽ ഇവയിൽനിന്ന് യാതൊരു തെളിവുകളും പൊലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ കടകളിലും മറ്റ് ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL