വെള്ളറട: വെള്ളറട കിളിയൂർ ചരുവിള വീട്ടിൽ ജോസിനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ പ്രജിൻ കൊന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് പിതാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം പ്രജിൻ സ്വയം കാറോടിച്ച് വെള്ളറട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പിറ്റേദിവസം പൊലീസ് പ്രജിന്റെ മൊഴി രേഖപ്പെടുത്തുകയും സയിന്റിഫിക്,വിരലടയാള വിദഗ്ദ്ധരെത്തി തെളവുകളും ശേഖരിച്ചിരുന്നു. വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്യലിൽ പ്രജിൻ കൊലപാതകത്തിന് ഇടയാക്കിയ കാരണങ്ങൾ പൊലീസിനോട് പറഞ്ഞു. ഇതിൽ നിന്നാണ് സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പ്രജിന്റെ മാതാവ് സുഷമകുമാരിയിൽ നിന്ന് രണ്ടു തവണ പൊലീസ് മൊഴിയെടുത്തിരുന്നു. ഭർത്താവിന്റ മരണത്തിൽ ദുരൂഹതയൊന്നും അവർ പൊലീസിനോട് പറഞ്ഞില്ല. മകൻ പെട്ടെന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു വേറെ സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് ചില മാധ്യമങ്ങളിൽ മന്ത്രവാദവും മറ്റും പ്രജിന്റെ മുറി കേന്ദ്രീകരിച്ച് നടന്നിരുന്നുവെന്നുപറഞ്ഞ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ചൈനയിൽ മെഡിക്കൽ പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് കൊവിഡുകാലത്ത് നാട്ടിലെത്തിയ പ്രജിൻ, പരീക്ഷയെഴുതാൻ കഴിയാത്തതും സർട്ടിഫിക്കറ്റ് ലഭിക്കാത്തതും കൂടെ പഠിച്ചവർ ഡോക്ടർമാരായി ജോലിനോക്കുന്നതിലുമുള്ള കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പ്രജിൻ പൊലീസിനോട് പറഞ്ഞിരുന്നു.പൊലീസ് തിങ്കളാഴ്ചയും പ്രജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ റൂമിൽ ഒരു മൂലയിൽ ഡ്രിമ്മർ ഉപയോഗിച്ച് തല മൊട്ടയടിച്ച മുടികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയെങ്കിലും മറ്റു ദുരൂഹതയായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി വെള്ളറട സി.ഐ പ്രസാദ് വീട്ടുകാരിൽ നിന്നും ഇന്നലെ പ്രജിന്റെ ഫോൺ വാങ്ങി. വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്നും സി.ഐ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |