തിരുവനന്തപുരം: നേമം സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുകൾ പുറത്തുവന്ന് ആറ് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം.
തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.ഈ മാസം അവസാനത്തോടെ അന്വേഷണം അവസാനിപ്പിക്കണമെന്നാണ് രജിസ്ട്രേഷൻ വകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം.ഇതിനൊപ്പം ക്രൈംബ്രാഞ്ച്, ഇ.ഡി അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ഡിവൈ.എസ്.പി പി.വി.രമേഷിന്റെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
നേമം സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി എസ്.ബാലചന്ദ്രൻ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ മുൻ സെക്രട്ടറിയായ എ.ആർ.രാജേന്ദ്രൻ ഉൾപ്പെടെ പ്രതിപ്പട്ടികയിലുള്ളവർ ഇപ്പോഴും പുറത്താണ്. ഇവർക്ക് യഥേഷ്ടം മറ്റുള്ളവരെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള അവസരം അധികൃതർ ഒരുക്കി നൽകുകയാണെന്നാണ് നിക്ഷേപകരുടെ പരാതി.
നിലവിൽ ഇ.ഡി അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെങ്കിലും അഞ്ച് നിക്ഷേപകരെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയതല്ലാതെ പിന്നീട് ഒന്നും നടന്നിട്ടില്ല.
ബാങ്ക് ഭരണം തട്ടിപ്പുകാരുടെ കൈയിലാണിപ്പോഴും. അന്വേഷണം ഇഴയുന്നത് പ്രതികളെ രക്ഷപ്പെടുത്താനാണ്. തട്ടിപ്പ് തുടരുന്നത് ഒഴിവാക്കാൻ എത്രയും വേഗം അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം.
ശാന്തിവിള മുജീബ് റഹ്‌മാൻ,നേമം സഹകരണ ബാങ്ക് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി,
കൈമനം സുരേഷ്, കൺവീനർ
മുൻ സെക്രട്ടറി എസ്.ബാലകൃഷ്ണൻ നായരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള മൂന്ന് പ്രധാന പ്രതികളും മറ്റു പ്രതികളും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാലാണ് അവരുടെ അറസ്റ്റ് നീളുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ മാത്രമേ അറസ്റ്റ് നടക്കൂ.
പി.വി.രമേഷ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |