SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

വിതുര ഫയർസ്റ്റേഷന് പുതിയമന്ദിരം ഒരുങ്ങുന്നു

firstation

വിതുര: വിതുര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ ശനിദശക്ക് പരിഹാരമാകുന്നു. കാത്തിരിപ്പിനൊടുവിൽ പുതിയ മന്ദിരം നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു. വിതുര ഫയർസ്റ്റേഷൻ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെ വകയായുള്ള സ്ഥലത്താണ് തുടങ്ങിയകാലം മുതൽ പ്രവർത്തിക്കുന്നത്.

സ്റ്റേഷന്റെ വകയായുള്ള നാല് ക്വാർട്ടേഴ്സ് റൂമുകളിൽ പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് പ്രവർത്തനം. ശോച്യാവസ്ഥയിലായ നാല് റൂമുകളും മഴയത്ത് ചോർന്നൊലിക്കും. ഫയലുകൾ നനഞ്ഞുകുതിരും, മഴയത്ത് നനഞ്ഞുകൊണ്ടാണ് ജീവനക്കാർ ജോലിനോക്കുന്നത്. മാത്രമല്ല മഴക്കാലത്ത് മേൽക്കൂര തകർന്നുവീണ സംഭവവുമുണ്ടായി.

പരിതാപകരമായ അവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഫയർസ്റ്റേഷന് പുതിയ മന്ദിരം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ അനവധി തവണ മന്ത്രിക്കും എം.പ.ക്കും എം.എൽ.എക്കും നിവേദനം നൽകിയിട്ടുണ്ട്. മാത്രമല്ല നിരവധി തവണ സമരങ്ങളും നടത്തിയിട്ടുണ്ട്.

ഫയർസ്റ്റേഷന്റെ ശോച്യാവസ്ഥയും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ ബന്ധപ്പെടുകയും ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

40 സെന്റ് സ്ഥലം അനുവദിച്ചു

പുതിയ അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിനായി 40 സെന്റ് സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലത്തുതന്നെ പുതിയ മന്ദിരം നിർമ്മിക്കാനാണ് തീരുമാനം. ഫയർസ്റ്റേഷന് പുതിയമന്ദിരം നിർമ്മിക്കണമെന്നും, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് 2021 ഒക്ടോബർ 26ന് നിയമസഭയിൽ ജി.സ്റ്റീഫൻ എം.എൽ.എ സബ്മിഷൻ ഉന്നയിച്ചിരുന്നു. സബ്മിഷന് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉചിതമായ സ്ഥലം കണ്ടെത്തി സർക്കാരിന് ലഭ്യമാക്കിയാൽ ഫയർസ്റ്റേഷന് പുതിയകെട്ടിടം അനുവദിക്കുന്നകാര്യം പരിഗണിക്കാമെന്ന് മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

പുതിയ മന്ദിരം നിർമ്മിക്കും

പൊലീസ് വകുപ്പിന്റെ കൈവശമുള്ള ഭൂമി ഫയർആൻഡ് റെസ്ക്യൂ വകുപ്പിന് കൈമാറാൻ ഇക്കഴിഞ്ഞ ജൂലായിൽ ആഭ്യന്തരവകുപ്പ് അഡീഷണൽചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു. ഭൂമി ലഭ്യമായതോടെ പുതിയ മന്ദിരം നിർമ്മിക്കും. ഫയർസ്റ്റേഷന്റെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.

നന്ദിരേഖപ്പെടുത്തി

വിതുര ഫയർസ്റ്റേഷന് പുതിയമന്ദിരം നിർമ്മിക്കുന്നതിനായി സ്ഥലം അനുവദിച്ച സർക്കാരിനും, ജി.സ്റ്റീഫൻ എം.എൽ.എയ്ക്കും ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL