കല്ലറ: പെരിങ്ങമല വേങ്കൊല്ല ശാസ്താംനട സ്വദേശിയായ ബാബു എന്ന യുവാവിനെ ആന ചവിട്ടി കൊന്നിട്ട് ഒരാഴ്ചയേ ആകുന്നുള്ളൂ. ഇതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസവും ആനയുടെ ആക്രമണത്തിൽ രണ്ടു പേർക്കാണ് പരിക്കേറ്റത്.ജോലി കഴിഞ്ഞു ബൈക്കിൽ വരികയായിരുന്ന സുധി,രാജിവ് എന്നീ യുവാക്കളെ ആന ആക്രമിച്ചു. ബൈക്ക് തകർത്തു. രാജീവ് കാലുകൾ ഒടിഞ്ഞ് ചികിത്സയിലുമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ചോളം പേരാണ് ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായത്. മുൻകാലങ്ങളെക്കാൾ നിരവധി ആദിവാസികളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഉൾക്കാടുകളിൽ മാത്രം കണ്ടിരുന്ന ആനകൾ മനുഷ്യവാസമുള്ളിടത്തെത്തിയാൽ അവിടെനിന്നും മാറിപ്പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മനുഷ്യനെക്കണ്ടാൽ ആക്രമിക്കുന്ന തരത്തിലേക്കെത്തി.
ഭയമില്ലാതെ വന്യമൃഗങ്ങൾ
മുമ്പ് പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ഓടിക്കുമായിരുന്നെങ്കിൽ ഇന്ന് വന്യമൃഗങ്ങൾക്ക് ഇതൊന്നും പേടിയില്ല.
വനവിഭവങ്ങൾ ശേഖരിച്ച് ജീവിച്ചിരുന്ന ആദിവാസികൾക്ക് അക്രമകാരികളായ വന്യമൃഗങ്ങൾ കാരണം വനവിഭവങ്ങൾ ശേഖരിക്കാൻ പറ്റാതായി. ആകെയുള്ള വരുമാനം നിലച്ചതോടെ പല കുടുംബവും ഇന്ന് പട്ടിണിയിലാണ്. വാഹനങ്ങൾ വന്നാൽ ഓടി മാറിയിരുന്ന ആനയും കാട്ടുപോത്തും മയിലും കുരങ്ങുമൊന്നും ഭയമില്ലാതായി. ശിക്ഷ ഭയന്ന് വന്യ മൃഗങ്ങളെ ഉപദ്രവിക്കാതായതോടെ മനുഷ്യവാസമുള്ളിടം ഇവയുടെ വിഹാരകേന്ദ്രവുമായി.
വേനലായതോടെ കാട്ടിനുള്ളിൽ തീപിടിത്തവും തുടങ്ങി. തീറ്റയും വെള്ളവും ഇല്ലാതെയായി. ഇത് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നാട്ടിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. ഇപ്പോൾ ജീവൻ ഭയന്ന് ആദിവാസികൾ കാട്ടിൽ കയറാതെയുമായി.എപ്പോൾ വേണമെങ്കിലും തങ്ങളുടെ കുടിൽ പൊളിച്ച് ആനകൾ എത്താമെന്ന ഭയപ്പാടിലാണ് ആദിവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |