
പൂവാർ: കരിച്ചൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് സാമൂഹ്യവിരുദ്ധൻ അടിച്ചു തകർത്തതായി പരാതി. നാട്ടുകാരുടെ ആവശ്യപ്രകാരം അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണിത്. കരിച്ചൽ കീഴുവിളാകത്ത് വീട്ടിൽ സുഭാഷ് കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിൽ പ്രദേശത്തെ ഹൈമാസ്റ്റ് ലൈറ്റും റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലും അടിച്ചുതകർത്തതായി കരിച്ചൽ നവോദയ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ഇടയ്ക്കിടെ ഇയാൾ മദ്യലഹരിയിൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കാഞ്ഞിരംകുളം പൊലീസിനും ഗ്രാമപഞ്ചായത്തിനും പരാതികൾ നൽകിയിട്ടും നടപടി വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. കാഞ്ഞിരംകുളം പഞ്ചായത്തിലെ കരിച്ചൽ വാർഡിൽ ഏറിവരുന്ന സാമൂഹ്യവിരുദ്ധശല്യം അവസാനിപ്പിക്കണമെന്നും പൊതുനിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും നവോദയ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |